സ്വൌമ് എന്ന ‘അറബി പദത്തിന്റെ പര്യായ പദമാണ് നോമ്പ് എന്ന മലയാള പദം. ഇമാം റാസി(റ) പറയു ന്നു: ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌമ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൌമ് എന്ന് പ്രയോഗിക്കുന്നത്. മഹതിയായ മറിയം ബീവി(റ)യെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “നിശ്ചയം ഞാന്‍ അല്ലാഹുവിനുവേണ്ടി സ്വൌമിനെ (സംസാരം വെടിയലിനെ) നേര്‍ച്ചയാക്കി യിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ന് ഞാനൊരു മനുഷ്യനോടും സംസാരിക്കില്ല” (സൂറഃ മറിയം 26, ഇമാം റാസി(റ)യുടെ അത്തഫ്സീറുല്‍ കബീര്‍ 5/59).
ഇമാം നവവി (റ) പറയുന്നു: ” ശര്‍ഇന്റെ സാങ്കേതികതയില്‍ സ്വൌമിന്റെ അര്‍ഥം ഇപ്രകാരമാണ്: ഒരു വ്യക്തി നിശ്ചിത സമയത്ത് നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തില്‍ വെടിയുക” (ഇമാം നവവി(റ)യുടെ ശര്‍ഹുല്‍ മുഹദ്ദബ്, 6/247).
ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിമായ വ്യക്തി, നോമ്പിനെ ശര്‍അ് വിലക്കിയിട്ടില്ലാത്ത ദിവസത്തില്‍, ഫജ്റുസ്വാദിഖ്വ് മുതല്‍ സൂര്യാസ്തമനം വരെ, നോമ്പിനെ മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന്, നിയമാനുസൃതമുള്ള നിയ്യത്തോടെ വെടിഞ്ഞുനില്‍ക്കുക എന്ന് സംക്ഷിപ്തം (മബ്സൂത്വ് 3/54).
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു” (സൂറഃ അല്‍ബഖ്വറ 183).
ഇമാം റാസി(റ) എഴുതുന്നു: “ആദം നബി(‘അ) മുതല്‍ നിങ്ങള്‍ വരെയുള്ള എല്ലാ അമ്പിയാക്കള്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ട ഒരു ‘ഇബാദത്താണ് നോമ്പ്. മേല്‍ സൂക്തത്തിന്റെ ഉദ്ദേശ്യമാണിത്. നിങ്ങള്‍ക്ക് മാത്രം നിര്‍ബന്ധമാക്കപ്പെട്ടതല്ല അത്. ഇപ്രകാരം പറഞ്ഞത് നോമ്പനുഷ്ഠിക്കുന്നതിലുള്ള പ്രയാസം അവര്‍ക്ക് ലഘൂരിക്കാനാണ്. പ്രയാസകരമായൊരു കാര്യമാണെങ്കിലും അത് വ്യാപകമായ ഒന്നാണെങ്കില്‍ പ്രസ്തുത കാര്യം തരണം ചെയ്യുന്നതില്‍ എളുപ്പമുണ്ടാകുമെന്നതാണ് കാരണം (തഫ്സീറുര്‍റാസി 5/59).
അല്ലാഹു പറയുന്നു: “ഖ്വുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമളാന്‍ മാസം. അതുകൊണ്ട് പ്രസ്തുത മാസത്തില്‍ നിങ്ങളില്‍ നിന്നാരെങ്കിലും സന്നിഹിതരായാല്‍ നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ” (അല്‍ബഖ്വറ 185).
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) എഴുതുന്നു: “പ്രസ്തുത മാസത്തില്‍ സന്നിഹിതരാവുക എന്ന വാക്കിന്റെ ഉദ്ദേശ്യമെന്താണെന്നതില്‍ പണ്ഢിതര്‍ക്ക് രണ്ടഭിപ്രായമുണ്ട്.
ഒന്ന്: പ്രസ്തുത മാസത്തില്‍ വീട്ടിലോ നാട്ടിലോ ഹാജരാവുണ്ടാവുക. യാത്രക്കാരനല്ലെന്നര്‍ഥം.
രണ്ട്: അവന്റെ അറിവുകൊണ്ടും ബുദ്ധികൊണ്ടും പ്ര സ്തുത മാസത്തിനവന്‍ സാക്ഷിയാവുക. റമളാന്‍ മാസമായിട്ടുണ്ടെന്ന് ബോധ്യപ്പെടുക എന്നുദ്ദേശ്യം” (തഫ്സീറുര്‍റാസി 5/75).
ഇബ്നു ‘ഉമറി(റ)ല്‍ നിന്ന് നിവേദനം: “നബി(സ്വ) പറഞ്ഞു: “ഇസ്ലാം അഞ്ചു കാര്യങ്ങളുടെ മേലിലാണ് എടുക്കപ്പെട്ടിട്ടുള്ളത്. ഒന്ന്: അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതോടെ അത് തുറന്നു പ്രഖ്യാപിക്കുക. രണ്ട്: നിസ്കാരം നിലനിര്‍ത്തിപ്പോരുക. മൂന്ന്: സകാത് കൊടുക്കുക. നാല്: റമള്വാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക. അഞ്ച്: ഹജ്ജ് ചെയ്യുക”. നിരവധി നിവേദക പരമ്പരകളിലൂടെ ഇമാം ബുഖാരി (റ)യും മുസ്ലിം(റ)യും നിവേദനം ചെയ്ത ഹദീസാണിത്.
ത്വല്‍ഹതി(റ)ല്‍ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. “ഒരു അഅ്റാബിയായ മനുഷ്യന്‍ നബി(സ്വ)യോട് ഇസ്ലാം കാര്യങ്ങളെ കുറിച്ചന്വേഷിച്ചപ്പോള്‍ അതിന്റെ മറുപടിയില്‍ റമള്വാനില്‍ വ്രതമെടുക്കണമെന്നും നബി(സ്വ) പറഞ്ഞു: “അപ്പോള്‍ അഅ്റാബി നബി(സ്വ)യോട് ചോദിച്ചു. റമളാനല്ലാത്ത മറ്റു വല്ല നോമ്പും എന്റെ മേല്‍ കടമയുണ്ടോ? നബി(സ്വ) പറഞ്ഞു: ഇല്ല. നീ സുന്നതായി ചെയ്യുന്നതൊഴിച്ച്”.
ഈ രേഖകളുടെ വെളിച്ചത്തില്‍ റമളാന്‍ നോമ്പ് മാത്രമാണ് അടിസ്ഥാനപരമായി നിര്‍ബന്ധമെന്നും അ ല്ലാത്തവ അടിസ്ഥാനപരമായി നിര്‍ബന്ധമില്ലെന്നും പണ്ഢിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.
ഇമാം റാസി(റ) എഴുതുന്നു: “റമളാന്‍ നോമ്പല്ലാത്തവ ശര്‍’ഇല്‍ അടിസ്ഥാനപരമായി നിര്‍ബന്ധമാകുന്നില്ലെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേര്‍ച്ച, പ്രായശ്ചിത്തം (ഹജ്ജ്, ഉംറ, വേളയില്‍) വേട്ടയാടിയതിന്റെ പ്രതിവിധി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ മറ്റ് നോമ്പുകളും നിര്‍ബന്ധമായിത്തീരും” (ശര്‍ഹുല്‍ മുഹദ്ദബ് 6/248).
നോമ്പ് നിര്‍ബന്ധമാകുന്നതെപ്പോള്‍?
ഇബ്നുഹജര്‍(റ) എഴുതുന്നു: “റമളാന്‍ മാസപ്പിറവി ദര്‍ശിക്കുക, ശ’അ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക, എന്നീ രണ്ട് മാര്‍ഗങ്ങള്‍ പോലെ തന്നെയാണ് മാസം കണ്ടിരിക്കുന്നുവെന്ന വാര്‍ത്ത മുതവാതിര്‍ (അസത്യത്തില്‍ സംയോജിച്ചതാകാന്‍ നിവൃത്തിയില്ലാത്തത്ര എണ്ണം ആളുകളിലൂടെ അറിയപ്പെട്ടത്) ആവല്‍. ഗവേഷണത്തിലൂടെയോ സാധാരണഗതിയില്‍ വ്യത്യാസമാകാത്തതും വ്യക്തമായി തന്നെ അറിയിക്കുന്നതുമായ അടയാളങ്ങളിലൂടെയോ റമളാന്‍ ആയിട്ടുണ്ടെന്ന മികച്ച ധാരണ ലഭിക്കലും റമളാന്‍ ആയിട്ടുണ്ടെന്ന് ബോധ്യപ്പെടാനുള്ള മാര്‍ഗം തന്നെയാണ്. മിനാരങ്ങളില്‍ വിളക്ക് കത്തിക്കപ്പെട്ടതായി ദര്‍ശിക്കുന്നത് ഇതിനുദാഹരണമാണ്. ഇതുപോലെയുള്ള അടയാളങ്ങള്‍ അവലംബിച്ച് കൂടെന്ന ഒരു വിഭാഗത്തിന്റെ എതിരഭിപ്രായം ശരിയല്ല. ‘അമല്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് കര്‍ മശാസ്ത്ര പണ്ഢിതന്മാര്‍ വ്യക്തമാക്കിയ ഗവേഷണമെന്ന മാര്‍ഗത്തെക്കാള്‍ ശക്തിയുള്ളവയാണ് പ്രസ് തുത അടയാളങ്ങളെന്നത് തന്നെ കാരണം” (തുഹ്ഫ 3/372, 373).
ജനങ്ങള്‍ക്കിടയില്‍ അനിഷേധ്യമാം വിധം സുപ്രസിദ്ധിയാര്‍ജ്ജിച്ച മാസം കണ്ടിരിക്കുന്നുവെന്ന വാര്‍ ത്ത നാട്ടില്‍ പൊതുവായി നോമ്പ് നിര്‍ബന്ധമാകുവാനുള്ള കാരണമായിട്ടാണ് ഇബ്നുഹജര്‍(റ) കാണുന്നത്. ഗവേഷണം, ഉപര്യുക്ത അടയാളങ്ങള്‍ തുടങ്ങിയവയിലൂടെ മാസമായിട്ടുണ്ടെന്ന മികച്ച ധാരണ ലഭിക്കുന്നത് ഇതുപോലെയല്ല. അത് ആ ധാരണയിലെത്തിപ്പെട്ടവര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ (ഹാശിയതു ശര്‍വാനി നോക്കുക).
ഇതനുസരിച്ച് പഴയ കാലങ്ങളില്‍ നടപ്പുണ്ടായിരുന്നതും റമള്വാന്‍ മാസപ്പിറവി കാണുന്ന സമയത്ത് മാത്രം അനുഷ്ഠിച്ച് പോന്നിരുന്നതുമായ കൂക്കുവിളി, നകാരമുട്ടല്‍, കൂട്ടസ്വലാത്ത്, വെടിപൊട്ടിക്കല്‍ തുടങ്ങിയ അടയാളങ്ങളിലൂടെ റമള്വാന്‍ ആയിട്ടുണ്ടെന്ന മികച്ച ഭാവന ലഭിച്ചവര്‍ക്കൊക്കെ നോമ്പ് നിര്‍ബന്ധമാകും. ഇന്ന് ചില രാജ്യങ്ങളില്‍ നടപ്പുള്ള സൈറന്‍ മുഴങ്ങലും ഇപ്രകാരം തന്നെയാണ്.
ഇരുട്ടറയില്‍ അടക്കപ്പെട്ട വ്യക്തിക്കും ഗവേഷണത്തിലൂടെ റമള്വാന്‍ ആയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നോമ്പ് നിര്‍ ബന്ധമാകും. ബാജൂരി(റ) പറയുന്നു: “ഗവേഷണത്തിലൂടെ റമളാന്‍ ആയിട്ടുണ്ടെന്ന മികച്ച ധാരണ ലഭിച്ച ജയിലിലടക്കപ്പെട്ടവന്‍ നോമ്പനുഷ്ഠിക്കണം. യഥാര്‍ഥ സമയത്ത് തന്നെയായിരുന്നു പ്രസ്തുത നോമ്പ് സംഭവിച്ചതെങ്കില്‍ അദാആയും ശേഷമായിരുന്നുവെങ്കില്‍ ഖ്വളാആയും മുമ്പായിരുന്നുവെങ്കില്‍ സുന്നത്തായും പരിഗണിക്കപ്പെടും” (ഹാശിയതുല്‍ ബാജൂരി 1/298).
ഇബ്നുഹജര്‍(റ) പറയുന്നു: “ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കാണുകയും നാളെ റമളാനാണെന്ന് നബി(സ്വ) പറയുകയും ചെയ്താല്‍ അതടിസ്ഥാനമാക്കിയും നോമ്പ് നിര്‍ബന്ധമാകുന്നില്ല. കണ്ട ആളുടെ കൃത്യത വിദൂരമായതാണ് കാരണം. കണ്ടതില്‍ സംശയമുളവായിട്ടല്ല. എന്നാല്‍ ഇതടിസ്ഥാനമാക്കി നോമ്പ് നിര്‍ബന്ധമാകുമെന്ന ഒരു അഭിപ്രായവുമുണ്ട്” (തുഹ്ഫ 3/373, 374).
നിഹായയുടെ വാക്കുകള്‍ ഇപ്രകാരമാണ്. “ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടുവെന്നും തന്നോട് നാളെ റമളാനാണെന്ന് നബി(സ്വ) പറഞ്ഞുവെന്നും വാദിച്ചാല്‍ അ വന്റെ വാക്കുകള്‍ക്ക് പരിഗണനയില്ല. അത് മുഖേന നോമ്പ് സ്വഹീഹാകില്ലെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്. കണ്ടതില്‍ സംശയമുള്ളത് കൊണ്ടല്ല ഉറങ്ങുന്നവന് കൃത്യതയില്ലാത്തതാണ് കാരണം” (നിഹായ 3/151).
ബഹു. ശര്‍വാനി(റ) പറയുന്നു: “അപ്പോള്‍ ഈ സ്വപ്നം അവലംബമാക്കി നോമ്പനുഷ്ഠിക്കല്‍ ഹറാമാണ്. പിശാചിന് രൂപാന്തരപ്പെടാനാകാത്ത രൂപത്തില്‍ തന്നെയാണ് താന്‍ കണ്ടതെന്ന് ഉറപ്പുണ്ടെന്ന വാദത്തിന് പരിഗണനയില്ല. ഈ വിധത്തിലുള്ള ഉറപ്പ് ലഭിക്കാന്‍ വഴിയില്ലെന്നതാണ് കാരണം. ഇനി അത് സമ്മതിച്ചാല്‍ തന്നെയും അതനുസരിച്ച് ‘അമല്‍ ചെയ്യാന്‍ അല്ലാഹുവിന്റെ ആജ്ഞയില്ല. കാരണം അല്ലാഹുവിന്റെ നിയമസംഹിതകള്‍(രേഖകളായ) വചനങ്ങളില്‍ നിന്നും (അവയിലുള്ള) ഗവേഷണങ്ങളില്‍ നിന്നുമാണ് കണ്ടെടുക്കപ്പെടുന്നത്. സ്വപ്നം അവ രണ്ടിലും പെട്ടതല്ല. ഇനി അതും സമ്മതിച്ചാല്‍ തന്നെ രണ്ട് രേഖകള്‍ വൈരുദ്ധ്യമായി വന്നതിലാണ് ഇതുള്‍പ്പെടുക. ഇങ്ങനെ രേഖകള്‍ വൈരുദ്ധ്യമായി വരുമ്പോള്‍ ഏറ്റവും പ്രബലമായത് കൊണ്ട് ‘അമല്‍ ചെയ്യല്‍ നിര്‍ബന്ധമാകുമെന്നാണ് പ്രമാണം. അതാണെങ്കില്‍ ഉണര്‍ച്ചയില്‍ പറഞ്ഞതാണുതാനും. ഇബ്നുഹജറി(റ)ന്റെ ഈ’ആബില്‍ പറഞ്ഞതാണിക്കാര്യം” (ഹാശിയതുശ്ശര്‍വാനി 3/374).
അതായത് മാസപ്പിറവി ദര്‍ശിച്ചതിന് വേണ്ടി വ്രതമെടുക്കണമെന്നും മേഘം മൂടിയാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും നബി(സ്വ) ഉണര്‍ച്ചയില്‍ തന്നെ പറഞ്ഞതാണ്. അപ്പോള്‍ ഈ വാക്കിനെയാണ് സ്വപ്നത്തില്‍ പറഞ്ഞതിനെക്കാള്‍ മുന്തിക്കപ്പെടേണ്ടതെന്ന് സംക്ഷിപ്തം. ഇനി ശഅ്ബാന്‍ ഇരുപത്തിയൊമ്പത് അസ്തമിച്ചതിനു ശേഷം മാസപ്പിറവി കണ്ടില്ലെന്നിരിക്കട്ടെ. എന്നാല്‍ ആ രാത്രിയില്‍ നാളെ റമളാനാണെന്ന് നബി(സ്വ) പറഞ്ഞതായി സ്വപ്നത്തില്‍ കണ്ടാലും ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. കാരണം ഈ സാഹചര്യത്തില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് നബി(സ്വ) നേരത്തെ പറഞ്ഞതായി ഹദീസുകള്‍ കൊ ണ്ട് സ്ഥിരപ്പെട്ടതിനാല്‍ അതിനാണ് പരിഗണന.
ഇമാം കര്‍ദരി(റ) എഴുതുന്നു: “സ്വപ്നം രേഖയാണെന്ന് ആരും പറഞ്ഞിട്ടില്ല. പ്രത്യുത, നല്ല സ്വപ്നങ്ങ ള്‍ സദ്വൃത്തര്‍ക്ക് അല്ലാഹു നല്‍കുന്ന ശ്രേഷ്ഠ പദവിയാണെന്നേ വാദിക്കുന്നുള്ളൂ” (കര്‍ദരി(റ)യുടെ മനാഖ്വിബു അബീഹനീഫ 2/41).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് റമളാനായിട്ടുണ്ടെന്ന് ബോധ്യപ്പെടാനുള്ള മാര്‍ഗങ്ങളായി പറഞ്ഞവ മുഴുക്കെയും നോമ്പ് നാട്ടില്‍ പൊതുവായി നിര്‍ബന്ധമാകാനുള്ള മാര്‍ഗമല്ലെന്നും ഖാളി ഉറപ്പിക്കുക, മാസം കണ്ടതായി അനിഷേധ്യമാം വിധം നാട്ടില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുക എന്നിവ മാത്രമാണ് പൊതുവായി നിര്‍ബന്ധമാകാനുള്ള മാര്‍ഗമെ ന്നും വ്യക്തമായി. അല്ലാത്തവ സ്വന്തം ‘അമലിന് മാത്രമേ അവലംബിച്ച് കൂടൂ. സ്വന്തം ‘അമലിന് അവലംബമാക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്.
Post a Comment