നോമ്പില്‍ പ്രവേശിക്കുന്ന സമയത്തെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നത് കാണുക: “പ്രഭാതം വിടരുന്ന മാത്ര അഥവാ, കറുത്ത നൂലില്‍ നിന്ന് വെറുത്ത നൂല്‍ വ്യക്തമാകുന്നത് വരെ നിങ്ങള്‍ക്ക് അന്നപാനാദികള്‍ ഉപയോഗിക്കാവുന്നതാണ്. അതുമുതല്‍ രാവിന്റെ തുടക്കം വരെ വ്രതം പൂര്‍ത്തീകരിക്കുക”. ഈ ആയത്തില്‍ പറഞ്ഞ കറുത്തതും വെളുത്തതുമായ നൂലുകളെ സംബന്ധിച്ച് ഹദീസില്‍ പറയുന്നതു കാണുക: അദിയ്യുബ്നുല്‍ ഹാതിം(റ) ഓര്‍ക്കുന്നു: ‘മേല്‍ പറയപ്പെട്ട ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ കറുത്തതും വെളുത്തതുമായ നൂലുകള്‍ സംഘടിപ്പിച്ചു തലയണക്കുകീഴെ വെച്ചു. രാവും പകലും വേര്‍തിരിച്ചറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, എനിക്കന്നു യാതൊന്നും മനസ്സിലാക്കാനായില്ല. പിറ്റേന്നു തിരുസന്നിധിയില്‍ ചെന്നു ഞാന്‍ എന്റെ അനുഭവം പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ പിരടി വീതി കൂടിയവനാണല്ലേ. തലയണക്കും അല്‍പ്പം വീതികാണണം. ഖുര്‍ആന്‍ പറഞ്ഞതിന്റെ താത്പര്യം രാവിന്റെ കറുപ്പും പകലിന്റെ വെളുപ്പുമാകുന്നു. നൂലിന്റെ കാര്യമല്ല’(ബുഖാരി, മുസ് ലിം). ഈ ഹദീസില്‍ നിന്ന് ഖുര്‍ആന്‍ പറഞ്ഞ നൂലുകള്‍ പകലിനും രാത്രിക്കുമുള്ള സൂചനയാണെന്നു മനസ്സിലാക്കാം.
ആഇശാബീവി(റ)യില്‍ നിന്ന്: രാത്രിയില്‍ ബിലാല്‍(റ) ഒരു ബാങ്ക് വിളിക്കാറുണ്ടായിരുന്നു. നബി(സ്വ) പറഞ്ഞു. ഇബ്നു ഉമ്മിമക്തൂമി(റ)ന്റെ ബാങ്ക ്കേള്‍ക്കുന്നത് വരെ നി ങ്ങള്‍ക്കും വേണമെങ്കില്‍ അന്നപാനാദികള്‍ ഉപയോഗിക്കാം. സ്വുബ്ഹിയുടെ ബാങ്ക് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹത്തെയായിരുന്നു’.
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാവുന്നതാണ്. ‘ബിലാലി(റ)ന്റെ ബാങ്ക് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’. വേറൊരു നിവേദനത്തില്‍ ‘അത്താഴം കഴിക്കുന്നതിന് ബിലാലി(റ)ന്റെ ബാങ്ക് നിങ്ങള്‍ക്ക് തടസ്സമല്ല’ എന്നും കാണാം. ബിലാലി(റ)ന്റെ ബാങ്ക് നിങ്ങളി ല്‍ ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്താനും തഹജ്ജുദ് നിസ്കാരത്തിനു താത്പര്യമുള്ളവരെ അറിയിക്കാനുമുള്ളതാകുന്നു’ (ബുഖാരി, മുസ്ലിം).
പ്രവാചകന്റെ കാലത്ത് രാത്രിയില്‍ സ്വുബ്ഹിക്ക് മുമ്പ് ഒരു ബാങ്കുണ്ടായിരുന്നുവെന്നും ബിലാല്‍(റ) ആയിരുന്നു അത് നിര്‍വഹിച്ചിരുന്നതെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. ‘ഈ ബാങ്ക് നിങ്ങളെ ചതിപ്പെടുത്താതിരിക്കട്ടെ’ എന്ന ഹദീസ് ഉദ്ധരിച്ചു വിവരമില്ലാത്ത ചിലര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വുബ്ഹി ബാങ്കു കൊടുത്താലും ആവശ്യമായത് ഭക്ഷിക്കാം എന്ന് ഫത്വ നല്‍കിയതായി അറിയുന്നു. മദ്ഹബിന്റെ ഇമാമുകളെയും പണ്ഢിതന്മാരെയും തള്ളി ഇജ്തിഹാദ് ചെയ്ത ഇവര്‍ വന്‍ അബദ്ധത്തിലാണ് ചെന്നു ചാടിയിരിക്കുന്നത്. ബിലാല്‍(റ)വിന്റെ ബാങ്കിനെപ്പറ്റി നബി(സ്വ) പറഞ്ഞത്, സ്വു ബ്ഹി ബാങ്കിനെപ്പറ്റിയാണെന്ന് ഇവര്‍ തെറ്റിദ്ധരിച്ചതാണ്.
നോമ്പില്‍ നിന്നു വിരമിക്കേണ്ടത് സൂര്യന്‍ അസ്തമിക്കുന്നതോടെയാണ്. ഇതിനുപോല്‍ ബലകമായി ഹദീസുകള്‍ കാണാവുന്നതാണ്. ഉമര്‍(റ)വില്‍ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘രാവ് ആസന്നമായി, പകല്‍ പോയ് മറഞ്ഞു. സൂര്യന്‍ അസ്തമിച്ചു. എങ്കില്‍ നോമ്പ് തുറക്കാന്‍ വിധിക്കപ്പെട്ട സമയമായി എന്നുറപ്പിക്കാം’.
ഇബ്നു അബീ’ഔഫ(റ)യില്‍ നിന്നുള്ള ഒരു ഹദീസ് കാണുക: ‘രാവ് കിഴക്കന്‍ ചക്രവാളത്തില്‍ പരന്നുതുടങ്ങിയാല്‍ നോമ്പുതുറക്കാന്‍ സമയമാകുന്നു’ (ബുഖാരി, മുസ്ലിം). ഈ ഹദീസില്‍ നോമ്പുതുറക്കുന്ന സമയത്തെപ്പറ്റി മൂന്നുവിധം പ്രതിപാദിച്ചിട്ടുണ്ട്. ഒന്ന്: രാവിന്റെ സമാഗമം, രണ്ട്: പകലിന്റെ പുറപ്പാട്, മൂന്ന്: സൂര്യാസ്തമയം. ഇങ്ങനെ വിശദമാക്കാന്‍ കാരണം നോമ്പുതുറക്കുന്ന സമയം വ്യക്തമായി പരിഗണിക്കുന്നതിനുവേണ്ടിയാണെന്നു പണ്ഢിതന്മാര്‍ പറയുന്നു. കേവലം ദൃഷ്ടിപഥത്തില്‍ നിന്നു സൂര്യന്‍ മറഞ്ഞാല്‍ പോരാ. പൂര്‍ണമായി പകല്‍ പോയ്മറയുകയും രാത്രി കടന്നുവരികയും ചെയ്യണം. ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ കാഴ്ചയില്‍ സൂര്യനസ്തമിച്ചതായി തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ രാത്രിയായിട്ടുണ്ടാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പകല്‍ പൂര്‍ണമായും പോയ്മറയുന്നത് ഉറപ്പുവരുത്തുക തന്നെ വേണം. സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ സെക്കന്റുകള്‍ കൂടി നോമ്പുതുറക്കാന്‍ കാത്തിരിക്കണമെന്നു പണ്ഢിതന്മാര്‍ പറയുന്നുണ്ട്. സൂര്യാസ്തമയം ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്.
Post a Comment