പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്.
ഖുര്‍ആനില്‍ ആജ്ഞാരൂപത്തിലാണ് പെരുന്നാള്‍ നിസ്കാരത്തിനു നിര്‍ദ്ദേശമെങ്കിലും അത് സുന്നത്താണെന്നു വിധിക്കപ്പെടുന്നത് പ്രസിദ്ധമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തി നബി (സ്വ)യോട് ആരാഞ്ഞു. അഞ്ചു വഖ്വ്തല്ലാതെ മറ്റു വല്ല നിസ്കാരവും നിര്‍ബന്ധമായുണ്ടോ? നബി(സ്വ) നല്‍കിയ മറുപടി: ‘ഇല്ല മറ്റെല്ലാം സുന്നത്താണ്’ എന്നായിരുന്നു. ഈ ഹദീസില്ലായിരുന്നുവെങ്കില്‍ പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണെന്ന് വിധിക്കേണ്ടിവരുമായിരുന്നു. പെരുന്നാള്‍ നിസ്കാരത്തി ന്റെ പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഈ നിസ്കാരം നഷ്ടപ്പെടുത്തുന്നത് കറാഹത്താണെന്നാണ് കര്‍മശാസ്ത്ര വിധി. ഇതൊരു സാമൂഹിക ബാധ്യത -ഫര്‍ള് കിഫായയാണെന്നു ചിലര്‍ പറഞ്ഞുകാണുന്നു. ഇതൊരു ഇസ്ലാമിക ചിഹ്നമാണെന്നാണതിനു കാരണം പറയുന്നത്. ഈ വീക്ഷണമനുസരിച്ച് പെരുന്നാള്‍ നിസ്കാരം നടക്കാത്ത പ്രദേശങ്ങള്‍ക്കെതിരെ ഇസ്ലാമിക വിധിപ്രകാരം നടപടിയെടുക്കാന്‍ ന്യായമുണ്ട്. ഈ അഭിപ്രായവും പെരുന്നാള്‍ നിസ്കാരത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി കുളിക്കല്‍സുന്നതാണ്. രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയമായി. ജുമു’അ പോലെ ഫജ്റ് മുതല്‍ക്കാണെന്ന ഒരഭിപ്രായവുമുണ്ട്. സുഗന്ധം പൂശുക, ഭംഗിയാവുക തുടങ്ങിയവയും സുന്നതുകള്‍ തന്നെ.
നിസ്കാരസമയം
സൂര്യോദയം മുതല്‍ മധ്യത്തില്‍ നിന്ന് സൂര്യന്‍ തെറ്റുന്നത് വരെയാണ് അതിന്റെ സമയം. എങ്കിലും ദൃ ഷ്ടിയില്‍ ചക്രവാളത്തില്‍ നിന്ന് ഏഴ് മുഴത്തിന്റെ പരിധി സൂര്യന്‍ ഉയരുന്നത് വരെ(സൂര്യോദയത്തി നു ശേഷം ഏകദേശം ഇരുപതു മിനുട്ടു കഴിയുന്നത് വരെ) പിന്തിക്കലാണ് സുന്നത്. ഈ പരിധിയിലെത്തുമ്പോള്‍ മാത്രമേ നിസ്കാര സമയം കടക്കുകയുള്ളൂവെന്ന അഭിപ്രായത്തെ മാനിച്ചു കൊണ്ടാണിത്. അതു കൊണ്ടു തന്നെ അതിന്റെ മുമ്പ് നിസ്കരിക്കല്‍ കറാഹതാകുന്നു. എന്നാല്‍ സമയം പുറപ്പെട്ട ശേഷം നിസ്കരിച്ചാല്‍ സാധുവാകുന്നതാണെങ്കിലും അത് ഖ്വള്വാആയാണ് പരിഗണിക്കപ്പെടുക.
നിസ്കാര നിയമങ്ങള്‍
പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് സുന്നത്താണ്. നബി(സ്വ)സംഘടിതമായിട്ടാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്. അടിമ, സ്ത്രീ, യാത്രക്കാര്‍, നപുംസകം, കുട്ടി എന്നിവര്‍ക്കെല്ലാം പെരുന്നാള്‍ നിസ്കാരം സുന്നത്തുണ്ട്. ജുമുഅ നിസ്കാരത്തിനുള്ള നിബന്ധനകളില്‍ ജമാഅത്തായി നടത്തുക, എണ്ണം തികയുക തുടങ്ങിയവ പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല എന്ന അടിസ്ഥാനത്തിലാണ് ഈ വിധി.
ഒരു പ്രദേശത്ത് ആവശ്യമില്ലാതെ ഒന്നിലധികം ജമാഅത്തുകള്‍ സംഘടിപ്പിക്കല്‍ കറാഹത്താണ്. മഹല്ലിലെ എല്ലാ മുസ്ലിം പുരുഷന്മാരും ഒരിടത്ത് മേളിക്കുന്നത് പ്രത്യേകം സുന്നത്താണ്. പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാനും ആശംസകള്‍ കൈമാറാനും ഉതകുന്ന ഒരിടത്ത് എല്ലാവരും മേളിക്കുന്നതാണുത്തമം. സുന്നത്ത് നിസ്കാരങ്ങള്‍ ചില സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹത്താണ്. എന്നാല്‍ ഈ നിയമം പെരുന്നാള്‍ നിസ്കാരത്തിനു ബാധകമല്ല. ഈ അടിസ്ഥാനത്തില്‍ സൂര്യനുദിച്ച ഉടനെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നതില്‍ തെറ്റില്ല.
നിസ്കാര രൂപം
രണ്ട് റക്’അതുകളാണ് പെരുന്നാള്‍ നിസ്കാരം. പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെ (ചെറിയ പെരുന്നാളാണെങ്കില്‍ ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെയും വലിയ പെരുന്നാളാണെ ങ്കില്‍ വലിയ പെരുന്നാള്‍ നിസ്കാരത്തിന്റെ നിയ്യതോടെയും) തക്ബീറതുല്‍ ഇഹ്റാം ചെയ്ത ശേഷം മറ്റു നിസ്കാരങ്ങളെ പോലെ തന്നെ ഇഫ്തിതാഹിന്റെ ദുആ (വജ്ജഹ്തു) സുന്നതു തന്നെ. ശേഷം ഏഴ് തക്ബീറുകള്‍ ചൊല്ലലും സുന്നതാണ്. പക്ഷേ, ഓത്തില്‍ പ്രവേശിക്കുന്നതിന് മുമ്പാകണം ഇത്. എന്നല്ല ഖ്വിറാഅതിന്റെ തുടക്കത്തില്‍ ചൊല്ലല്‍ സുന്നതായ അ’ഊദു ഓതുന്നതിന്റെയും മുമ്പാകലാണ് സുന്നത്. ഇനി അ’ഊദു ഓതിയതിന് ശേഷം തക്ബീറുകള്‍ ചൊല്ലിയാലും അടിസ്ഥാന സുന്നത് ലഭ്യമാകുന്നതാണ്. എന്നാല്‍ അവനോ ഇമാമോ ഫാതിഹയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തക്ബീര്‍ നഷ്ടപ്പെട്ടതു തന്നെ. അ’ഊദുവില്‍ പ്രവേശിക്കുന്നത് കൊണ്ട് ഇഫ്തിതാഹിന്റെ ദു’ആ നഷ്ടപ്പെടുന്നത് പോലെ.
ഈ വിശദീകരണം രണ്ടാം റക്’അതിലെ അഞ്ച് തക്ബീറുകള്‍ക്കും ബാധകമാണ്. എന്നാല്‍ മറന്നു കൊണ്ട് തക്ബീറില്‍ പ്രവേശിച്ചു പോയാല്‍ ഇഫ്തിതാഹിന്റെ ദു’ആ നഷ്ടപ്പെടുകയൊന്നുമില്ല.
തക്ബീറുകള്‍ ഉപേക്ഷിക്കുന്നതും അവയെ വര്‍ധിപ്പിക്കുന്നതും കറാഹതാണ്. ഇമാം ശാഫി’ഈ(റ) അല്‍ഉമ്മില്‍ ഇത് പ്രസ്താവിച്ചിട്ടുണ്ട്. തക്ബീറുകളില്‍ ശബ്ദമുയര്‍ത്തല്‍ സുന്നതും അത് ഉപേക്ഷിക്കല്‍ കറാഹതുമാണ്. ഇപ്പറഞ്ഞത് മഅ്മൂമിനും ബാധകം തന്നെ. എല്ലാ ഈരണ്ട് തക്ബീറുകള്‍ക്കുമിടയില്‍ ഉള്ള ദിക്റ് ഉപേക്ഷിക്കലും തഥൈവ. സുബ്ഹാനല്ലാതി വല്‍ഹംദുലില്ലാഹി എന്ന് തുടങ്ങുന്ന ദിക്റാണ് തക്ബീറുകള്‍ക്കിടയില്‍ ചൊല്ലേണ്ടത്. എന്നാല്‍ ഒന്നാം റക്’അതില്‍ മറന്നു പോയ തക്ബീറുകള്‍ രണ്ടാം റക്’അതില്‍ വീണ്ടെടുക്കല്‍ സുന്നതില്ല. രണ്ടാം റക്’അതിലെ അഞ്ച് തക്ബീറുകളോട് കൂടി ഒന്നാം റക്’അതില്‍ നഷ്ടപ്പെട്ട ഏഴ് തക്ബീറുകളും കൊണ്ടു വരല്‍ സുന്നത് തന്നെയാണെന്ന അഭിപ്രായക്കാരുമുണ്ട്. പക്ഷേ, ഇത് പ്രബലമല്ല. ഒന്നാം റക്’അതിലെ ഫാതിഹയില്‍ പ്രവേശിച്ചതോടെ ആ റക്’അതിലെ തക്ബീറുകള്‍ നഷ്ടപ്പെടുമെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ടു പോയ ഒരു കാര്യം അതിന്റെ സ്ഥാനത്ത് തന്നെയായാലും(ഒന്നാം റക്’അതില്‍ തന്നെയായാലും) വീ ണ്ടെടുക്കല്‍ സുന്നതില്ലെന്നാണ് നിയമം.
എല്ലാ തക്ബീറുകളിലും ഇരു കരങ്ങളും ചുമലിന് നേരെ ഉയര്‍ത്തല്‍ സുന്നതാണ്. തക്ബീറതുല്‍ ഇഹ് റാമിന് ശേഷം ഇരു കരങ്ങളും നെഞ്ചിനു താഴെ വെക്കുന്നത് പോലെ ഈ തക്ബീറുകള്‍ക്കിടയിലും വെക്കല്‍ സുന്നതു തന്നെ.
എന്നാല്‍ ഇമാമ് തക്ബീറുകള്‍ പാടേ ഉപേക്ഷിക്കുന്ന പക്ഷം മഅ്മൂമ് അവയെ കൊണ്ടു വരാതിരിക്കലാണ് സുന്നത്. ഇമാമ് അവയെ ഉപേക്ഷിച്ചത് കരുതിക്കൂട്ടിയോ മറന്നോ ആകട്ടെ. തക്ബീറിന്റെ സ്ഥാ നം അറിയാത്തത് കൊണ്ടായാലും തഥൈവ. ഇനി ഇമാമ് ഒന്നാം റക്’അതില്‍ ഏഴില്‍ അധികവും രണ്ടാം റക്’അതില്‍ അഞ്ചിലധികവും തക്ബീറുകള്‍ കൊണ്ടു വന്നാല്‍ വര്‍ധനവുള്ള തക്ബീറുകളില്‍ തുടരാതിരിക്കുകയാണ് മഅ്മൂമ് വേണ്ടത്. കൈകള്‍ ഉയര്‍ത്താതെ വര്‍ധനവുള്ള തക്ബീറുകള്‍ ചൊല്ലിയത് കൊണ്ട് പന്തികേടൊന്നുമില്ല. അത് കേവലം ഒരു ദിക്റ് മാത്രമായതാണ് കാരണം.
ഇമാമ് രണ്ട് റക്’അതിലും തക്ബീറുകളുടെ എണ്ണം ചുരുക്കുന്ന പക്ഷം എണ്ണം പൂര്‍ത്തിയാക്കലും മഅ് മൂമിന് സുന്നതില്ല. ഇപ്രകാരം തന്നെ മൂന്ന് തക്ബീറുകള്‍ ചൊല്ലുന്ന ഹനഫീ മദ്ഹബുകാരനോ ആറ് തക്ബീര്‍ ചൊല്ലുന്ന മാലികി മദ്ഹബ്കാരനോ ആയ ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്ന മഅ്മൂമും എണ്ണം പൂര്‍ത്തിയാക്കേണ്ടതില്ല. എന്നാല്‍ തക്ബീറുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലാതെ തുടരെ തു ടരെ കൈകളുയര്‍ത്തിക്കൊണ്ട് ഹനഫിയ്യായ ഇമാമ് തക്ബീര്‍ ചൊല്ലുന്ന പക്ഷം ശാഫി’ഇയ്യായ മഅ്മൂ മ് ഇമാമിനെ വിട്ടുപിരിയല്‍ നിര്‍ബന്ധമാണ്. തുടര്‍ച്ചയായുള്ള അനക്കം നിസ്കാരത്തെ ബാത്വിലാക്കും എന്നാണല്ലോ ശാഫി’ഈ മദ്ഹബ്.
എന്നാല്‍ ഇപ്പറഞ്ഞതെല്ലാം പെരുന്നാള്‍ നിസ്കാരം അതിന്റെ സമയത്ത് തന്നെ അദാആയി നിര്‍വഹിക്കുന്നത് സംബന്ധിച്ചാണ്. ഇനി ഖ്വള്വാഅ് വീട്ടുന്ന പക്ഷം തക്ബീര്‍ ചൊല്ലുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ട്. ഇമാം ‘ഇജ്ലി(റ)യില്‍ നിന്ന് തക്ബീര്‍ സുന്നതില്ലെന്നാണ് ഇമാം ഇബ്നുര്‍ രിഫ്’അ (റ) കിഫായയില്‍ ഉദ്ധരിച്ചിട്ടുള്ളത്. എന്നാല്‍ കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ നിരുപാധികമായി പറഞ്ഞത് ഇതിനെതിരാണ്. അതു കൊണ്ടു തന്നെ ഖ്വള്വാഅ് വീട്ടുന്ന പക്ഷവും ഉപര്യുക്ത ക്രമത്തില്‍ തക്ബീര്‍ ചൊല്ലല്‍ സുന്നതാണെന്നത് തന്നെയാണ് പ്രബലം.
ഈ തക്ബീറുകള്‍ നിസ്കാരത്തിന്റെ അവിഭാജ്യഘടകമായ ഫര്‍ള്വ് അല്ലാത്ത പോലെ തന്നെ അബ്ആ ള്വ് സുന്നതുകളും അല്ല. അതു കൊണ്ടു തന്നെ അവ ഒഴിഞ്ഞുപോയാല്‍ സഹ്വിന്റെ സുജൂദ് ചെയ്യേ ണ്ടതില്ല. ഇതറിയുന്ന ഒരാള്‍ കരുതിക്കൂട്ടി സുജൂദ് ചെയ്യുന്ന പക്ഷം നിസ്കാരം അസാധുവാകുന്നതാണ്. ഫാതിഹക്ക് ശേഷം ഒന്നാം റക്’അതില്‍ ഖ്വാഫ് സൂറതും രണ്ടാം റക്’അതില്‍ ഇഖ്വ്തറബത് സൂറതും പൂര്‍ണമായി തന്നെ ഓതല്‍ സുന്നതാണ്. മഅ്മൂമുകള്‍ക്ക് സംതൃപ്തിയൊന്നുമില്ലെങ്കിലും ശരി. അതില്‍ നബിചര്യയുണ്ടായതാണ് കാരണം. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തതാണിത്. നബി (സ്വ) ഒന്നാം റക്’അതില്‍ സബ്ബിഹിസ്മയും രണ്ടാം റക്’അതില്‍ ഹല്‍അതാകയും ഓതിയെന്നും മു സ്ലിമി(റ)ന്റെ ഹദീസില്‍ തന്നെ വന്നിട്ടുണ്ട്. അപ്പോള്‍ രണ്ടും സുന്നതു തന്നെ. എങ്കിലും ആദ്യം പറഞ്ഞ രണ്ട് സൂറതുകള്‍ ഓതലാണ് ഏറ്റവും ശ്രേഷ്ഠമായത്.
മൈതാന നിസ്കാരം
മൈതാനത്ത് വെച്ച് നടത്തുന്നതിനെക്കാള്‍ ശ്രേഷ്ഠമായത് പള്ളിയില്‍ വെച്ചു തന്നെയായിരിക്കലാ ണെന്നാണ് പ്രബലം. ഇമാം നവവി(റ) പറയുന്നത് കാണുക: “പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ് കാരം പള്ളിയില്‍ വെച്ചുതന്നെ നിര്‍വ്വഹിക്കണമെന്നാണ്. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നി സ്കരിക്കുന്നത് അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്”.
പള്ളിയാണല്ലോ മുസ്ലിംകളുടെ ആരാധനാലയം. പള്ളിക്കുള്ള മഹത്വവും പ്രാധാന്യവും വൃത്തിയും, കൂടുതല്‍ ഭക്തി സമ്മാനിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിക്കു നിമിത്തമായി പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നബി(സ്വ) മൈതാനിയില്‍ വെച്ച് നിസ്കരിച്ചത് അവിടുത്തെ പള്ളി ചെറുതായത് കൊണ്ടായിരുന്നു. ഈ പറഞ്ഞ രണ്ടഭിപ്രായം തന്നെ മസ്ജിദുല്‍ ഹറാം അല്ലാത്ത പള്ളിയെ അപേക്ഷിച്ചാണ്. മസ്ജിദുല്‍ ഹറാമിലാകുമ്പോള്‍ മൈതാനിയെക്കാള്‍ ഉത്തമം പള്ളി തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല. മസ്ജിദുല്‍ ഹറാമിന്റെ ശ്രേഷ്ഠത, ക’അ്ബയെ ദര്‍ശിക്കുക തുടങ്ങിയ മഹത്വമുള്ളതാ ണ് ഇതിനു കാരണം. ഇനി പള്ളിയില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളാതെ വന്നാല്‍ സൌകര്യമുള്ളവരെ കൊണ്ട് പള്ളിയില്‍ വെച്ച് നിസ്കരിക്കുന്നതോടെ ബാക്കിയുള്ളവരെ കൊണ്ട് മറ്റൊരു സ്ഥലത്ത് നിസ് കരിക്കാന്‍ സൌകര്യമേര്‍പ്പെടുത്തണം” (തുഹ്ഫ 2/47, 48 നോക്കുക).
പെരുന്നാള്‍ നിസ്കാരവും സ്ത്രീകളും
പെരുന്നാള്‍ നിസ്കാരത്തിനു സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെ വിധിയും നാമറിഞ്ഞിരിക്കണം. സ്ത്രീ കള്‍ ഈ നിസ്കാരത്തിനു പങ്കുകൊള്ളണമെന്നതിന് ഒരു തെളിവും കാണാന്‍ സാധിക്കുകയില്ല. ഇസ് ലാമിന്റെ ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നുവെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ പില്‍ ക്കാലത്ത് ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. തിരുനബി(സ്വ)യുടെ വഫാത്തിന് മുമ്പു തന്നെ ഈ വിഷയത്തില്‍ വിലക്ക് വന്നിട്ടുണ്ട്. ധാരാളം ഹദീസുകളില്‍ ഇക്കാര്യം വ്യക്തമാണ്. സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്ന കാലത്ത് പോലും പ്രവാചക പത്നിമാര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തതിനു രേഖ കാണുന്നില്ല. പത്തുലക്ഷത്തില്‍പ്പരം ഹദീസുകള്‍ പഠിച്ചുപരതിയ ഇമാം ശാഫി’ഈ(റ) ഈ വസ്തുത സമര്‍ഥിച്ചിട്ടുണ്ട്. ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ പില്‍ക്കാലത്ത് ഒരു ജ്ഞാനിക്കും സാധിച്ചിട്ടില്ല. പെരുന്നാള്‍ നിസ്കാരത്തിന് മാത്രമല്ല, ഒരു നിസ്കാരത്തിനും നബിപത്നിമാരില്‍ ഒരാള്‍പോലും പള്ളിയില്‍ വന്നിരുന്നില്ലെന്നാണ് തെളിയുന്നത്. ഒരു സ്വഹാബി വനിതപോലും ഇതര സ്വഹാബാക്കളോടൊപ്പം പ്രവാചകന്റെ വിജ്ഞാന സദസ്സുകളില്‍ പങ്കെടുത്തതായി രേഖയില്ല. മഹിളകള്‍ക്കു മതപഠനത്തിനു വേറെ വേദിയൊരുക്കുകയായിരുന്നു പ്രവാചകര്‍ ചെയ്തത്.
സ്ത്രീകള്‍ പള്ളിയില്‍ വന്നുവെന്നു പറയുന്ന ഹദീസുകളില്‍ തന്നെ അതിനു വ്യക്തമായ മറുപടിയും കാണാവുന്നതാണ്. പെരുന്നാള്‍ നിസ്കാരത്തിനു സ്ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ് കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രവാചകന്‍ പുറപ്പടുവിച്ച ഒരു ആഹ്വാനത്തെതുടര്‍ന്നായിരുന്നു അത്. മുസ്ലിം ജനസംഖ്യ ശത്രുക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനുമായിരുന്നു അത്. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ഇസ്ലാമിന്റെ ആദ്യകാലത്തായിരുന്നു ഈ സംഭവം. എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണമാക്കുന്ന ‘നിങ്ങള്‍ ഭവനാന്തര്‍ഭാഗത്ത് ഒതുങ്ങിക്കൂടുക’ എന്നര്‍ഥം വരുന്ന ആയത്തവതീര്‍ണമാകുന്നത് ഹിജ്റ വര്‍ഷം ഒമ്പതിലാണ്.
പ്രവാചകന്റെ അവസാനകാല നിലപാട് സ്ത്രീരംഗപ്രവേശനത്തിന് വിരുദ്ധമായിരുന്നു എന്നു കാണാം. ഒറ്റപ്പെട്ട സംഭവമായി ചരിത്രത്തില്‍ കാണുന്ന ആത്വികാ ബീവിയുടെ പള്ളിപ്രവേശം അവര്‍ തന്നെ അ വസാനിപ്പിച്ചപ്പോള്‍ ഈ അധ്യായത്തിന് ഇസ്ലാമിക ചരിത്രത്തില്‍ അന്ത്യം കുറിക്കുകയായിരുന്നു. ഇ ങ്ങനെ പ്രവാചകന്റെയും സച്ചരിതരായ സ്വഹാബത്തിന്റെയും കാലത്ത് തിരശ്ശീല വീണ ഒരാചാരത്തെ പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് അനാചാരം തന്നെയാണ്.
പൂര്‍വ്വകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് സ്ത്രീകളുടെ പള്ളിപ്രവേശം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമുഖ പണ്ഢിതനായ ഇമാം ഇബ്നുഹജറില്‍ ഹൈതമി (റ) പറഞ്ഞത് ഇക്കാലത്ത് സ്ത്രീ പള്ളിപ്രവേശം ഹറാമാണെന്നാണ്. ഈയടിസ്ഥാനത്തില്‍ സ്ത്രീകള്‍ പെരുന്നാള്‍ നിസ്കാരവും അവരുടെ വീട്ടില്‍വെച്ചു നിര്‍വഹിക്കണം.
വ്യത്യസ്ത വഴികളിലൂടെയായിരിക്കല്‍
പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വീട്ടില്‍ നിന്നു പുറപ്പെടുന്നതും തിരിച്ചുപോരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരിക്കല്‍ പ്രത്യേകം പുണ്യമുള്ളതാണ്. ഇതിനു തെളിവായി ഒരു ഹദീസ് താഴെ ചേര്‍ ക്കുന്നു: ജാബിര്‍(റ)വില്‍ നിന്ന് നിവേദനം:”പെരുന്നാള്‍ സുദിനത്തില്‍ നിസ് കാരത്തിനുള്ള പോക്കുവരവിനു നബി(സ്വ) വ്യത്യസ്ത വഴികളായിരുന്നു തിരഞ്ഞെടുത്തിരുന്നത്”. ഇബ്നുഉമര്‍(റ)വില്‍ നിന്നു നി വേദനം: ‘ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും നബി(സ്വ) ഒരു വഴിയിലൂടെ നിസ്കാരത്തിനു പുറപ്പെടുകയും മറ്റൊരു വഴിയിലൂടെ തിരിച്ചുവരികയുമായിരുന്നു പതിവ്’ (അബൂദാവൂദ്).
ഇങ്ങനെയൊരു നടപടിക്രമം നബി(സ്വ) സ്വീകരിച്ചതിനു പിന്നില്‍ പല യുക്തികളും പണ്ഢിതന്മാര്‍ ക ണ്ടെത്തുന്നു. ശറഹുല്‍ മുഹദ്ദബിലും തുഹ്ഫയിലും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇതേക്കുറിച്ചു ചര്‍ച്ച കാണാം. ഏതാനും വീക്ഷണങ്ങള്‍ കാണുക. ഈ യാത്രയില്‍ ഇരുവഴികളിലും താമസിക്കുന്ന പാവങ്ങള്‍ക്കു ദാനധര്‍മ്മങ്ങള്‍ ചെയ്യുക നബി(സ്വ)യുടെ പതിവായിരുന്നു. പോകാനും വരാനും വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ വഴികളിലുള്ളവര്‍ക്കെല്ലാം എന്തെങ്കിലും നല്‍കാമെന്ന വിചാരമായിരുന്നു ഇതിനു പ്രേരണയായിരുന്നത്. പെരുന്നാള്‍ നിസ്കാരത്തിനുള്ള പോക്കുവരവുകള്‍ക്കുപയോഗിച്ച വഴികള്‍ പരലോകത്തു സാക്ഷിപറയും. തനിക്കു സാക്ഷി പറയാന്‍ ഒരു വഴിക്കുപകരം രണ്ടുവഴികള്‍ ഉണ്ടാകുന്നത് ഏറെ പ്രാധാന്യമുള്ളതാണ്.
രണ്ടുവഴികളിലും താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെടാനും അവര്‍ക്ക് ആവശ്യമായ അറിവുകള്‍ നല്‍കാനുമുള്ള അവസരമായി നബി(സ്വ) ഈ യാത്രയെ കണ്ടിരുന്നു. ഈ കൊച്ചുയാത്രയില്‍ പോലും പ്രബോധന പ്രവര്‍ത്തനം നബി(സ്വ) ലക്ഷ്യമാക്കിയിരുന്നു. ഇസ്ലാമിക ശരീഅത്തിന്റെ ചിഹ്നമായ പെരുന്നാള്‍ നിസ്കാരത്തിന്റെയും ആഘോഷത്തിന്റെയും പ്രാധാന്യവും മഹത്വവും ഇതരസമുദായത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു മറ്റൊരുദ്ദേശ്യം.
ഇരുവഴികളിലും താമസിക്കുന്ന സത്യവിശ്വാസികള്‍ക്കു തിരുനബി(സ്വ)യുടെ ബറകത് ലഭ്യമാക്കുക എന്നതായിരുന്നു മറ്റൊരു താത്പര്യം. നബി(സ്വ)യുടെ സാന്നിധ്യംതന്നെ വലിയ പുണ്യമായി അക്കാലത്തെ വിശ്വാസികള്‍ കണ്ടിരുന്നു. അവിടത്തെ ബറകത് കാംക്ഷിച്ച് അതിശൈത്യകാലത്ത് പോലും പ്രഭാതത്തില്‍ മുസ്ലിംകള്‍ വെള്ളപ്പാത്രമായി പള്ളിയോരത്ത് വന്നുനിന്നിരുന്നുവെന്നും നബി(സ്വ) തന്റെ കരം അവരുടെ വെള്ളപ്പാത്രങ്ങളില്‍ മുക്കിയെടുത്തിരുന്നുവെന്നും സ്വഹീഹായ ഹദീസില്‍ കാ ണാവുന്നതാണ്. പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി പോകുമ്പോഴും വരുമ്പോഴും ഇതുപോലെ ജനങ്ങള്‍ക്കു ബറകത്തെടുക്കാന്‍ നബി(സ്വ) അവസരമൊരുക്കിക്കൊടുക്കുമായിരുന്നു.
മറ്റൊരുദ്ദേശ്യം, തന്റെ ബന്ധുക്കളെയും അവരില്‍ നിന്നു മണ്‍മറഞ്ഞവരുടെയും ഖബറുകളെയും സന്ദ ര്‍ശിക്കുക എന്നതായിരുന്നു. പെരുന്നാളിന്റെ സന്തോഷം ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളുമായി കൈ മാറുന്നതോടൊപ്പം മരണപ്പെട്ട വിശ്വാസികളെക്കൂടി സ്മരിക്കുക എന്നത് അനിവാര്യം തന്നെയാണല്ലോ. നിസ്കാരത്തിനു പോകുന്ന വഴി ദൈര്‍ഘ്യം കൂടിയതാകല്‍ ഉത്തമമാണ്. നിസ്കാരത്തിനുള്ള പോക്കി ന്റെ ദൈര്‍ഘ്യമനുസരിച്ചു പ്രതിഫലം കൂടുതല്‍ ലഭിക്കുമെന്നത് കൊണ്ടാണിത്.
വഴിമാറ്റത്തില്‍ പ്രത്യേകമായ ഒരു ഗുണവും കാണുന്നില്ലെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് സുന്നത്താണ്. കാരണം ഇവിടെ പ്രധാനം നബി(സ്വ)യെ പിന്‍പറ്റുക എന്നതാണ്. ഇമാം നവവി(റ) പറയുന്നു: “തിരിച്ചുപോരുന്ന വഴിയില്‍വെച്ചു ഖിബ്ലയിലേക്ക് തിരിഞ്ഞു പ്രാര്‍ഥന നടത്തല്‍ ഇമാമിനു പ്രത്യേക സുന്നത്താണെന്ന് ഇമാം ശാഫി’ഈ(റ) ഉമ്മില്‍ പറഞ്ഞിരിക്കുന്നു. ഇതിനു തെളിവായി ഒരു ഹദീസും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.’ ഇമാമിന്റെ ഈ ദുആഅ് പൊതു പ്രാര്‍ഥനയായിരിക്കുന്നതാണ് ഉചിതമെന്ന് ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
പെരുന്നാള്‍ നിസ്കാരത്തിനു ഇമാം കൃത്യസമയത്ത് എത്തുന്നതാണ് സുന്നത്ത്. ഇതുമൂലം നേരത്തേയെത്തുന്നവര്‍ക്കുള്ള പ്രതിഫലം ഇമാമിനു നഷ്ടപ്പെടുന്നതല്ല. കാരണം ഇത് നബി(സ്വ)യുടെ സുന്നത്ത് പിന്‍പറ്റലാണ്. ബുഖാരി,മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ ഇക്കാര്യം കണ്ടെത്താം. “ചെറിയ പെ രുന്നാളിലും വലിയ പെരുന്നാളിലും നിസ്കാരം തുടങ്ങാന്‍ സമയമാകുമ്പോഴായിരുന്നു നബി(സ്വ) വന്നുചേരാറുണ്ടായിരുന്നത്. നബി(സ്വ) എത്തിയാല്‍ ഉടന്‍ നിസ്കാരം തുടങ്ങുകയായി”.
ഇമാമല്ലാത്തവര്‍ പെരുന്നാള്‍ നിസ്കാരത്തിനു നേരത്തേ പുറപ്പെടല്‍ സുന്നത്താണ്. നിസ്കാരത്തിനു കാല്‍നടയായി പോകുന്നതാണ് ഉത്തമം. നബി(സ്വ) ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. ഇമാം ശാഫിഈ(റ)വില്‍നിന്നുള്ള ഒരു ഹദീസ് കാണുക: “പെരുന്നാള്‍ നിസ്കാരത്തിന് പോകുമ്പോഴും ജനാസ കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലും നബി(സ്വ) വാഹനമുപയോഗിക്കാറുണ്ടായിരുന്നില്ല എന്നു സുഹ്രി (റ) പറഞ്ഞിരിക്കുന്നു”.
‘അലി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരത്തിനു കാല്‍നടയായിപ്പോകുന്നതാണ് നബിചര്യ”.എന്നാ ല്‍ നിസ്കാരം കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ വാഹനമുപയോഗിക്കുന്നതില്‍ പുണ്യം കുറവില്ല. പോ ക്കുവരവുകളില്‍ അടക്കവും ഒതുക്കവും പാലിക്കല്‍ പ്രത്യേകം പുണ്യമുള്ളതാണ്.
പെരുന്നാള്‍ നിസ്കാരത്തിനു ബാങ്കും ഇഖാമത്തും സുന്നത്തില്ല. ഇതിനു നബി(സ്വ) നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. ഇബ്നു ‘അബ്ബാസ്(റ)വില്‍ നിന്നുള്ള ഒരു ഹദീസ് കാണുക: “ഞാന്‍ നബി(സ്വ), അബൂബക്ര്‍, ‘ഉമര്‍, ‘ഉസ്മാന്‍ (റ.അന്‍ഹും) എന്നിവരോടൊത്തെല്ലാം പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. എല്ലാവരും ഖുത്വുബക്കുമുമ്പ് ബാങ്കും ഇഖാമത്തും ഇല്ലാതെ നിസ്കരിക്കുകയാണ് ചെയ്തത്”. എന്നാല്‍ ഇവിടെ ബാങ്കിനും ഇഖാമത്തിനും പകരം അസ്സ്വലാത ജാമിഅ എന്നു വിളിച്ചുപറയല്‍ സുന്നത്തുണ്ട്. ഇമാം ശാഫിഈ(റ) സുഹ്രിയില്‍ നിന്ന് ഉദ്ധരിക്കുന്നു. “പെരുന്നാള്‍ നിസ്കാരം ആരംഭിക്കുമ്പോള്‍ നബി(സ്വ)യുടെ നിര്‍ദ്ദേശാനുസരണം മുഅദ്ദിന്‍ അസ്സ്വലാത ജാമിഅ എന്നു വിളിച്ചുപറയുക പതിവായിരുന്നു”.
ഇവയെല്ലാം ഉറക്കെ പാരായണം ചെയ്യുന്നതാണ് സുന്നത്ത്. ഖള്വാഅ് വീട്ടുകയാണെങ്കിലും ഒറ്റക്ക് നിസ് കരിക്കുകയാണെങ്കിലും ഉറക്കെ ഓതുന്നതാണ് നല്ലത്. പ്രസ്തുത സൂറത്തുകള്‍ ഓതാന്‍ സൌകര്യപ്പെടാതെ വന്നാല്‍ സൂറത്തുല്‍ കാഫിറൂനയും സൂറത്തുല്‍ ഇഖ്ലാസ്വും ഓതാവുന്നതാണ്.
പെരുന്നാള്‍ ഖുത്വ്ബ
നിസ്കാരം കഴിഞ്ഞ ശേഷം രണ്ട് ഖുത്വ്ബ നിര്‍വഹിക്കലും സുന്നതാണ്. പക്ഷേ, ഇപ്പറഞ്ഞത് ജമാഅതായി നിസ്കരിക്കുമ്പോഴാണ്. തനിച്ച് നിസ്കരിക്കുന്നവന് സുന്നതില്ല. എന്നാല്‍ നിസ്കാരത്തിന്റെ മുമ്പ് അവ നിര്‍വഹിക്കുന്നത് പരിഗണനീയമല്ല. ബനൂ ഉമയ്യ ഭരണകൂടത്തിലെ ചില ഭരണ കര്‍ത്താക്കള്‍ നിസ്കാരത്തിന്റെ മുമ്പ് ഖുത്വ്ബ നിര്‍വഹിച്ചിരുന്നു. നിസ്കാരം കഴിഞ്ഞ ഉടനെ ഖുത്വ്ബ ശ്രവിക്കാനിരിക്കാതെ ആളുകള്‍ പിരിഞ്ഞുപോകുന്നത് കെണ്ടായിരുന്നു അത്. എന്നാല്‍ സലഫു സ്വാലിഹുകള്‍ ഈ ഭരണകര്‍ത്താക്കളെ നിശിതമായി ഖണ്ഡിച്ചിരിക്കുകയാണ്. മാത്രമല്ല, ഖുത്വ്ബയെ നിസ്കാരത്തെക്കാള്‍ മുന്തിക്കുന്നത് ‘ഇബാദതാണെന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അത് ഹറാമാണെന്നാണ് ഇബ്നുഹജര്‍(റ) ശര്‍ഹുല്‍ ‘ഉബാബില്‍ പ്രസ്താവിച്ചിട്ടുള്ളത്.
ഇബ്നുഉമര്‍(റ)വില്‍ നിന്നുള്ള ഹദീസില്‍ ഇങ്ങനെ കാണാം: ‘നബി(സ്വ)യും പിന്നെ അബൂബക്റും ‘ഉസ്മാന്‍(റ)വുമെല്ലാം പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഖുത്വുബ നിര്‍വഹിച്ചിരുന്നു’ (ബുഖാരി, മുസ്ലിം). ജാബിര്‍(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഈദുല്‍ഫിത്വ്ര്‍ ദിനത്തില്‍ നബി(സ്വ) ആദ്യം നിസ്കരിക്കുകയും പിന്നെ ഖുത്വുബ നിര്‍വഹിക്കുകയും ചെയ്തു എന്നു കാണാം (ബുഖാരി, മു സ്ലിം).
രണ്ട് ഖുത്വ്ബകളുടെ റുക്നുകള്‍ (അവിഭാജ്യഘടകങ്ങള്‍) സുന്നതുകള്‍ എന്നിവ ജുമു’അ ഖുത്വ്ബയുടേത് പോലെ തന്നെയാണ്. എന്നാല്‍ രണ്ട് ഖുത്വ്ബയുടെ ശര്‍ത്വുകള്‍ (നിബന്ധനകള്‍) ജുമു’അ ഖുതുബയുടേത് പോലെയല്ല. അപ്പോള്‍ രണ്ട് ഖുത്വ്ബയിലും നില്‍ക്കല്‍, രണ്ടിന്റേയുമിടയില്‍ ഇരിക്കല്‍, ശുദ്ധിവരുത്തല്‍, ‘ഔറത് മറക്കല്‍ എന്നിവ ഖുത്വ്ബയുടെ സാധുതക്ക് നിബന്ധനയൊന്നുമല്ല. സുന്നത് മാത്രമാണ്.
എന്നാല്‍ ഖുത്വ്ബ ‘അറബിയിലായിരിക്കല്‍ ഖുത്വ്ബ പരിഗണനീയമാകുന്നതിന് നിബന്ധന തന്നെയാണെന്നാണ് ഇമാം റംലി(റ), ശൈഖുല്‍ ഇസ്ലാം, ഖത്വീബു ശീര്‍ബീനി(റ) എന്നിവര്‍ യഥാക്രമം നിഹായ, അസ്ന, മുഗ്നി എന്നീ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പറഞ്ഞത് പരിപൂര്‍ണത ലഭിക്കാനാണെന്നും ഖുത്വ്ബയുടെ സാധുതക്ക് ‘അറബിയാകല്‍ നിബന്ധനയല്ലെന്നുമാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം.
ഇബ്നുഹജര്‍(റ)വിന്റെ വാക്കുകള്‍ കാണുക: ” ഖുത്വ്ബയുടെ സുന്നത് വീടാന്‍ ഖുത്വ്ബ ‘അറബിയില്‍ തന്നെ ആയിരിക്കല്‍ അത്യന്താപേക്ഷിതമാണ്. എങ്കിലും അതിന്റെ പരിപൂര്‍ണതക്ക് നിബന്ധനയാണതെന്നും അടിസ്ഥാന സാധുതക്ക് അത് നിബന്ധനയല്ലെന്നതുമാണ് പ്രബലം.” (തുഹ്ഫ 3/46)
എന്നാല്‍ ഇപ്പറഞ്ഞത് അടിസ്ഥാനമാക്കി രണ്ട് പെരുന്നാളിനെങ്കിലും ഖുത്വ്ബ അനറബി ഭാഷയില്‍ ആകാമെന്ന ചിലരുടെ ധാരണ അബദ്ധമാണ്. കാരണം ഇബ്നുഹജര്‍(റ) പറഞ്ഞതിന്റെ വിവക്ഷ പെരുന്നാള്‍ ഖുത്വ്ബ അനറബി ഭാഷയില്‍ നിര്‍വഹിക്കുന്നത് കൊണ്ട് ഖുത്വ്ബ അസാധുവാകയില്ലെന്ന് മാത്രമാണ്. അങ്ങനെ നിര്‍വഹിക്കുന്നതില്‍ പന്തികേടില്ലെന്നല്ല. പെരുന്നാള്‍ ഖുത്വ്ബക്ക് ‘ഔറത്ത് മറക്കലും നിബന്ധനയില്ലെന്ന് തുഹ്ഫ തന്നെ പറയുന്നുണ്ട്. ഇതിന്റെ വിവക്ഷ ‘ഔറത്ത് മറക്കാതെ ഖുത്വ്ബ നിര്‍വഹിച്ചാലും ഖുത്വ്ബ സാധുവാകുമെന്നല്ലാതെ അങ്ങനെ ഖുത്വ്ബ നിര്‍വഹിക്കുന്നതില്‍ ഒരുപന്തികേടുമില്ലെന്ന് ആരെങ്കിലും മനസ്സിലാക്കുമോ? ‘ഔറത്ത് വെളിവാക്കുന്നത് നിഷിദ്ധമാണെന്ന് ആര്‍ക്കാ ണ് അറിഞ്ഞു കൂടാത്തത്?
ചുരുക്കത്തില്‍ ‘ഔറത്ത് വെളിവാക്കുന്നത് നിഷിദ്ധമാണെങ്കിലും അത് പെരുന്നാള്‍ ഖുത്വ്ബയുടെ സാ ധുതക്ക് പ്രതികൂലമായി ബാധിക്കാത്തത് പോലെ അനറബിയും പ്രതികൂലമായി ബാധിക്കുന്നില്ല. അനറബിയില്‍ നിര്‍വഹിക്കുന്നത് നിഷിദ്ധമാണെങ്കിലും. ഇമാം അബൂഹനീഫ(റ) അനറബി ഭാഷയില്‍ ജു മു’അ ഖുത്വ്ബ നിര്‍വഹിക്കുന്നത് ജാഇസാണെന്ന് പറഞ്ഞത് പോലെയാണിത്. ശൈഖ് അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) ശര്‍ഹുല്‍ വിഖ്വായയുടെ വാക്കുകളെ വ്യാഖ്യാനിച്ച് കൊണ്ട് പറയുന്നത് കാണുക. “ഫാരിസിയിലോ മറ്റു ഇതര ഭാഷയിലോ ഖുത്വ്ബ നിര്‍വഹിച്ചാല്‍ ജാഇസാകുമെന്ന് അബൂഹനീഫ (റ) പറഞ്ഞതായി പണ്ഢിതന്മാര്‍ പ്രസ്താവിക്കുന്നു. പക്ഷേ, ഇപ്പറഞ്ഞത് നിസ്കാരത്തിന്റെ സാധുത സംബന്ധിച്ച് മാത്രമാണ്. അങ്ങനെ ഖുത്വ്ബ നിര്‍വഹിച്ച് (ജുമു’അ) നിസ്കരിച്ചാലും നിസ്കാരം സാധുവാകുമെന്ന് ഉദ്ദേശ്യം. അല്ലാതെ അപ്രകാരം ഖുത്വ്ബ നിര്‍വഹിക്കുന്നത് അനുവദനീയമാണെന്ന് ഉദ്ദേശ്യമേയല്ല. കാരണം അനറബി ഭാഷയിലുള്ള ഖുത്വ്ബ നബി(സ്വ)യില്‍ നിന്നും സ്വഹാബതില്‍നിന്നും പരമ്പരാഗതമായി വന്ന സുന്നതിന് വിരുദ്ധമാണെന്നതില്‍ സന്ദേഹമില്ല. അപ്പോള്‍ പിന്നെ അപ്രകാരം ഖുത്വ്ബ നിര്‍വഹിക്കുന്നത് ഹറാമിന്റെ കുറ്റമുള്ള കറാഹത്ത് തന്നെയാണ്” (‘ഉംദതുര്‍റിആയ 1/200).
എന്നാല്‍ ശൈഖുല്‍ ഇസ്ലാം, റംലി, ഖത്വീബുശ്ശിര്‍ബീനി (റ) തുടങ്ങിയ പണ്ഢിതന്മാര്‍ പ്രബലമാക്കിയതനുസരിച്ച് ഖുത്വ്ബയുടെ സാധുതക്ക് തന്നെ ‘അറബിയായിരിക്കല്‍ നിബന്ധനയായതിനാലും നിബന്ധന കൂടാതെയുള്ള പ്രവൃത്തി അസാധുവായതിനാലും അനറബി ഭാഷയിലുള്ള ഖുത്വ്ബ ഹറാമാണെന്ന് പറയേണ്ടതില്ല. കാരണം ഏതൊരു ‘ഇബാദതും നിബന്ധന കൂടാതെ ചെയ്യുന്നത് അസാധുവും നിഷിദ്ധവുമാണെന്ന് പണ്ഢിതന്മാര്‍ പറയുന്നു. ഇമാം ഇബ്നുദഖ്വീഖ്വി(റ)ന്റെ ഇഹ്കാമുല്‍ അഹ്കാം 2/10 നോക്കുക. ബഹു. ശര്‍വാനി(റ) എഴുതുന്നു: “പെരുന്നാള്‍ ഖുത്വ്ബ സുന്നതായി വീടുന്നതിന് ഖുത്വ്ബ ജനങ്ങളെ കേള്‍പ്പിക്കലും അവരത് കേള്‍ക്കലും അത് ‘അറബിയില്‍ തന്നെയാകലും പരിഗണനീയമാണെന്നാണ് നിഹായ, മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളിലും ശൈഖുല്‍ ഇസ്ലാമും പ്രബലമാക്കിയിട്ടുള്ളത്. ഖത്വീബ് പുരുഷനായിരിക്കലും നിബന്ധനയാണെന്ന് നമ്മുടെ ഗുരുവര്യന്‍ കൂട്ടിച്ചേര്‍ത്തി പറഞ്ഞിരിക്കുന്നു’ (ശര്‍വാനി 3/46).
ഖുത്വ്ബ ‘അറബിയില്‍ തന്നെയാകണമെന്ന് റംലി(റ)യും മറ്റും പറഞ്ഞത് ജനങ്ങള്‍ അനറബികളായിരുന്നാലും ബാധകമാണോ എന്ന ഇബ്നുഖ്വാസിമി(റ)ന്റെ ചോദ്യത്തിന് ഹാശിയതുന്നിഹായയില്‍ ഇപ്രകാരം മറുപടി പറയുന്നു: ” ഖുത്വ്ബ അറബിയിലാകണമെന്ന് അവര്‍ നിരുപാധികമായി പറഞ്ഞതിന്റെ ബാഹ്യം കുറിക്കുന്നത് ജനങ്ങള്‍ അനറബികളായിരുന്നാലും ഖുത്വ്ബ ‘അറബിയാകല്‍ നിബന്ധന തന്നെയാണെന്നാണ്. ഖുത്വ്ബ കൊണ്ടുദ്ദേശ്യം കേവല പ്രസംഗമല്ലെന്നും അതൊരു ‘ഇബാദത്തായത് കൊണ്ട് ഇത്തിബാ’അ് (നബി-സ്വ-യോടും ശേഷമുള്ളവരോടുമുള്ള അനുകരണം) ആണ് അതില്‍ മികച്ച് നില്‍ക്കുന്നതെന്നും ഇതിന് ന്യായമായി പറയാം” (ഹാശിയതുന്നിഹായ 2/391).
അനുബന്ധ അറിവുകള്‍
പെരുന്നാള്‍ ഖുത്വുബ സംബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. പെരുന്നാള്‍ ഖുത്വുബക്ക് വേണ്ടി നില്‍ക്കുന്നതിന് മുമ്പ് ഇസ്തിറാഹത്തിന്റെ(വിശ്രമത്തിന്റെ) ഇരുത്തം പ്ര ത്യേകം സുന്നത്തുണ്ട്. സാധാരണ ജുമുഅ ബാങ്ക് നിര്‍വഹിക്കുന്നത്ര സമയം ഇരിക്കണമെന്നാണ് ഖ്വാറസ്മി പറഞ്ഞത്. ഒറ്റക്ക് നിസ്കരിക്കുന്നവര്‍ ഖുത്വുബ നിര്‍വഹിക്കണമെന്നില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് ഖുത്വുബ സുന്നത്താണ്. പെരുന്നാള്‍ നിസ്കാരത്തിന്റെ നിശ്ചിത സമയം കഴിഞ്ഞാണ് നിസ്കാരം നിര്‍വഹിക്കുന്നതെങ്കിലും ഖുത്വുബ നടത്തണമെന്നാണ് വിധി.
പെരുന്നാള്‍ നിസ്കാരത്തിനു പള്ളിയിലേക്ക് വരുമ്പോള്‍ അവിടെ ഖുത്വുബ നടക്കുകയാണെങ്കില്‍ ആ ദ്യം ആ ഖുത്വുബ ശ്രദ്ധിക്കുകയും ശേഷം പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ തഹിയ്യത്ത് നിസ്കാരം (പള്ളിയില്‍ കടന്നപാടേയുള്ള സുന്നത്ത് നിസ്കാരം) നിര്‍വഹിക്കാം. ഇനി തഹിയ്യത്തിന്റെ സ്ഥാനത്ത് പെരുന്നാള്‍ നിസ്കാരം തന്നെയാണ് നടത്തുന്നതെങ്കില്‍ തഹിയ്യത്തും പെരുന്നാള്‍ നിസ്കാരവും ഒന്നിച്ചു വീടുന്നതാണ്. ഇങ്ങനെ ചെയ്യല്‍ ഏറ്റവും നല്ലതാണ്. ഖുത്വുബ ശ്രദ്ധിക്കുകയും പിന്നീട് പെരുന്നാള്‍ നിസ്കാരം നടത്തുകയും ചെയ്യണമെന്നു പറഞ്ഞത് തഹിയ്യത്തും സ്വലാത്തുല്‍ ‘ഈദും വെവ്വേറെ നിര്‍വ്വഹിക്കണമെന്ന് താത്പര്യമുള്ളവര്‍ക്കാണ്.
ഒന്നാമത്തെ ഖുത്വുബ ഒമ്പത് തക്ബീറുകള്‍ കൊണ്ടും രണ്ടാമത്തേത് ഏഴ് തക്ബീറുകള്‍ കൊണ്ടുമാണ് ആരംഭിക്കേണ്ടത്. ഇത് സുന്നത്താണെന്ന് ‘ഉബൈദില്ലാഹിബ്നു അബ്ദുല്ലാഹിബ്നു ‘ഉത്ബ(റ) എന്നവരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഖുത്വുബയില്‍ ഫിത്വ്ര്‍ സകാത് സംബന്ധമായ വിധികളും മറ്റും ഉണര്‍ത്തല്‍ സുന്നത്താണ്. പ്രവാചക ഖുത്വുബയില്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചിരുന്നു.
സ്ത്രീകള്‍ ജമാഅത്തായി പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ ഖുത്വുബ സുന്നത്തില്ല. എ ന്നാല്‍ ഒരു സ്ത്രീ എന്തെങ്കിലും ദീനീ ഉപദേശം നല്‍കുന്നത് വഅ്ള് എന്ന രൂപത്തില്‍ നല്ലതാണെന്നു കര്‍മശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
Post a Comment