സകാത് | Zakat

 ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. വളര്‍ച്ച, ശുചിത്വം എന്നൊക്കെ ഇതിനെ ഭാഷാന്തരപ്പെടുത്താം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്‍കപ്പെടുന്ന വിഹിതത്തിന് സാങ്കേതികമായി സകാത് എന്ന് പറയുന്നു. ധനത്തിന്റെ സകാത്, ശരീരത്തിന്റെ സകാത് എന്നിങ്ങനെ രണ്ടായി ഇസ്ലാം സകാതിനെ വിഭജിച്ചിട്ടുണ്ട്. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, കച്ചവട സ്വത്തുക്കള്‍, സ്വര്‍ണം – വെള്ളി നാണയങ്ങള്‍, നിധികള്‍, ഖനിജ വസ്തുക്കള്‍, ആട്, മാട്, ഒട്ടകം എന്നിവക്കാണ് ശാഫി’ഈ മദ്ഹബ് പ്രകാരം സകാത് നല്‍കേണ്ടത്.

ഒരു വര്‍ഷത്തില്‍ ഒന്നിച്ചോ പലത വണയായോ വിളഞ്ഞു കിട്ടിയ നെല്ല് 1920 ലിറ്റര്‍ ഉണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകും. ആകെ വിളഞ്ഞു കിട്ടിയ നെല്ലിന്റെ പത്തില്‍ ഒരു ഭാഗമാണ് സകാത് നല്‍കേണ്ടത്. പക്ഷേ, ഇത് നനക്കാനോ മറ്റോ ചിലവുകള്‍ ഇല്ലാതെ വിളഞ്ഞു കിട്ടുമ്പോഴാണ്. നനച്ചുണ്ടാക്കിയ കൃഷിയില്‍ വിളഞ്ഞു കിട്ടിയ നെല്ലിന്റെ ഇരുപതില്‍ ഒരു ഭാഗം സകാതായി നല്‍കിയാല്‍ മതിയാകും.

ഇപ്രകാരം, 595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വിലക്കു തുല്യമായ പണമോ അതില്‍ കൂടു തലോ ഒരു ഹിജ്റ  വര്‍ഷം കൈവശത്തിലിരുന്നാല്‍ സകാത് നിര്‍ബന്ധമാകും. മൊത്തം സംഖ്യയുടെ രണ്ടര ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്ന പണമാണെങ്കില്‍ അതിന് സകാത് നിര്‍ബന്ധമാകില്ല (സകാതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല).

സ്വര്‍ണത്തിനും വെള്ളിക്കും സകാത് നിര്‍ബന്ധമാണ്. 85 ഗ്രാം സ്വര്‍ണമോ 595 ഗ്രാം വെ ള്ളിയോ ഒരു ഹിജ്റ വര്‍ഷം കൈവശം വെച്ചവന്‍ അതിന്റെ രണ്ടര ശതമാനം വീതം സകാ ത് നല്‍കണം. കൂടുതല്‍ തൂക്കമുണ്ടാകുമ്പോള്‍ ഈ വിഹിത പ്രകാരം തന്നെ സകാത് നല്‍ കേണ്ടതാണ്.

കച്ചവട സകാത്

കച്ചവടത്തിന്റെ തുടക്കം മുതല്‍  ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കച്ചവടസ്വത്തില്‍ സ കാത് നിര്‍ബന്ധമാവുക. ഇങ്ങനെ വര്‍ഷം പൂര്‍ത്തിയായ ചരക്കിന് വില നിശ്ചയിച്ച ശേഷം വിലയുടെ നാല്‍പ്പതില്‍ ഒരു വിഹിതം സകാതായി നല്‍കണം. ഒരു വര്‍ഷം കൈവശം വെച്ച പണത്തിനും ഇതേ അളവിലാണ് സകാത് നല്‍കേണ്ടത്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കത്തിന്റെ വിലയോട് തുല്യമായ തുകക്ക് കച്ചവടസ്വത്തിന്റെ വിലയും സൂക്ഷിപ്പുപണവും ഉണ്ടാകുമ്പോള്‍ മേല്‍ വിഹിതം കൊടുക്കേണ്ടിവരും. പണത്തിനും കച്ചവടവസ്തുക്കള്‍ക്കും മൂല്യനിര്‍ണയം നടത്തുന്നത് അടിസ്ഥാനപരമായി വെള്ളി മാനദണ്ഡമാക്കിയതിനാലാണ് ഇങ്ങനെ കണക്കാക്കുന്നത്.

ഇമാം ഇബ്നുറുശ്ദ്(റ) എഴുതുന്നു: “200 ദിര്‍ഹം(595 ഗ്രാം) തൂക്കം വരുന്ന വെള്ളിയില്‍ സകാത് നിര്‍ബന്ധമാകും പോലെ 20 ദിനാര്‍(85 ഗ്രാം) വരുന്ന സ്വര്‍ണത്തിലും സകാത് നിര്‍ബന്ധമാകുമെന്നാണ് പണ്ഢിത ഭൂരിപക്ഷം. ഇമാം മാലിക്, ശാഫി’ഈ, അബൂഹനീഫ (റ.ഹും) അവരുടെ അസ്വ്ഹാബ,് ഇമാം അഹ്മദ്(റ) തുടങ്ങിയവര്‍ ഈ പക്ഷക്കാരാണ്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കം നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടത് പോലെ സ്വര്‍ണത്തിന് സകാത് നിര്‍ബന്ധമാകുന്ന തൂക്കം ഇത്രയാണെന്ന് നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെടാത്തതിനാല്‍ വെള്ളിയോട് സ്വര്‍ണത്തെ തുലനം ചെയ്യുകയാണവര്‍ ചെയ്യുന്നത്. സ്വര്‍ണവും വെള്ളിയും നാണയമെന്ന ഇനത്തില്‍ പെട്ടതിനാലും വെള്ളിയുടെ തൂക്കം നബി(സ്വ)യില്‍ നിന്നു തന്നെ സ്ഥിരപ്പെട്ടതിനാലും പ്രസ്തുത തൂക്കം വെള്ളിയുടെ വിലയോട് (ആ കാലഘട്ടത്തില്‍ 20 ദിനാര്‍ സാമ്യമായത് കൊണ്ട്)  20 ദിനാര്‍ സ്വര്‍ണത്തിനെ അവര്‍ സാമ്യപ്പെടുത്തുകയായിരുന്നു”.

സകാത് നിര്‍ബന്ധമാകുന്ന തുക അടിസ്ഥാനപരമായി കണക്കാക്കുന്നത് വെള്ളിയുടെ തൂക്കമനു സരിച്ചാണെന്നാണ് ഇബ്നുറുശ്ദ്(റ) പറഞ്ഞതിന്റെ സംക്ഷിപ്തം. എന്നാല്‍ സ്വര്‍ണത്തിന്റെ സകാത് നിര്‍ബന്ധമാകുന്ന തൂക്കം സംബന്ധിച്ചും പണ്ഢിതന്മാരില്‍ ചിലര്‍ ഹദീസുകളെ ഉദ്ധരിക്കുന്നുണ്ട്. ഇതു തന്നെയാണ് വില വ്യത്യാസമനുസരിച്ച് സ്വര്‍ണത്തിന്റെ നിസ്വാബില്‍ (സകാത് നിര്‍ബന്ധമാകുന്ന തുക) വ്യത്യാസം വരാതിരുന്നത്.

ചരക്കുകള്‍ സകാത് നിര്‍ബന്ധമാകുന്ന കച്ചവടചരക്കായി ഗണിക്കപ്പെടുന്നത് ചില ഉപാധികള്‍ അനുസരിച്ചാണ്. ഇബ്നുഹജര്‍(റ) പറയുന്നു: “ചരക്കുകള്‍ കച്ചവടത്തിന്റേതായി ഗണിക്കപ്പെടുന്നത് പ്രതിഫലത്തിന്മേലായി അത് സമ്പാദിക്കുന്നതോടൊപ്പം കച്ചവടത്തെ കൂടി കരുതുമ്പോഴാണ്. റൊക്കമോ, കടമോ ആയ നാണയത്തിന് പകരമോ മറ്റു ചരക്കിന് പകരമോ കച്ചവട ചരക്കുകള്‍ വാങ്ങുക, ജോലി ചെയ്തതിന്റെ വേദനത്തിനോ വസ്തുക്കള്‍ വാടകക്ക് കൊടുത്തതിന്റെ വാടകക്കോ പകരമായി കച്ചവട ചരക്കുകള്‍ സ്വീകരിക്കുക തുടങ്ങിയവ ഉദാഹരണമാണ്.

ഇപ്രകാരം തന്നെ വാടകക്ക് കൊടുക്കലെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ഭൂമി വാടകക്കെടുക്കുകയും പക്ഷേ, പ്രസ്തുത ഭൂമി ആര്‍ക്കും വാടകക്ക് കൊടുക്കാതിരിക്കുകയും ചെയ്താല്‍ കച്ചവട സകാത് ഇവിടെയും ബാധകമാകുന്നതാണ്. അവര്‍ അത് വാടകക്ക് കൊടുത്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന വാടകയുടെ തുക സകാത് നിര്‍ബന്ധമാകുന്ന അത്ര ഉണ്ടാകുമായിരുന്നെങ്കിലാണ് ഇപ്പറഞ്ഞത്. അപ്പോള്‍ അവന് വാടക കിട്ടിയിട്ടില്ലെങ്കിലും ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന തുകയില്‍ നിന്ന് സകാതിന്റെ വിഹിതം കൊടുക്കേണ്ടിവരുന്നു” (തുഹ്ഫ 3/295-296). ഇതനുസരിച്ച് പത്ത് മുറിയുള്ള ഒരു കെട്ടിടം, റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്ക് എടുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ആ കെട്ടിടം ആര്‍ക്കും വാടകക്ക് കൊടുക്കാതെ പൂട്ടിയിട്ടാലും സകാത് നിര്‍ബന്ധം തന്നെ. വാടക ഒരു റൂമിന് ഒരു ദിവസത്തേക്ക് നൂറ് രൂപയാണെന്ന് സങ്കല്‍പ്പക്കുക, എങ്കില്‍ പത്ത് റൂമിന് ഒരു ദിവസത്തേക്ക് കിട്ടേണ്ടിയിരുന്ന വാടക 1000 രൂപയാണ്. ഇതനുസരിച്ച് മൊത്തം റൂമുകള്‍ക്ക് ഒരു വര്‍ഷം കിട്ടേണ്ടിയിരുന്ന വാടകയുടെ രണ്ടര ശതമാനം സകാതായി നല്‍കേണ്ടി വരും. വാടക കിട്ടാതിരുന്നത് പൂട്ടിയിട്ട വീഴ്ചകൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. ഇനി മുറിയാതെ റൂമുകള്‍ വാടകക്ക് കൊടുത്തിരുന്നുവെങ്കില്‍ കൊല്ലം തികയുന്ന ദിവസത്തെ മൊത്തം വാടകയാണ് കണക്കാക്കുക. അത്  സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുമെന്ന് ഉദ്ദേശ്യം.

അപ്രകാരം തന്നെ മുന്‍ ദിവസങ്ങളില്‍ കിട്ടിയ വാടക സൂക്ഷിപ്പുണ്ടെങ്കിലും സകാതിന്റെ നിസ്വാബ് കണക്കാക്കുന്നതില്‍ (സകാത് നിര്‍ബന്ധമാകുന്ന തുകയില്‍) അതും കൂടി പരിഗണിക്കുന്നതാണ്. ഇപ്പറഞ്ഞതിനര്‍ഥം സൂക്ഷിപ്പുള്ള നാണയത്തിന്റെ സകാതും അവസാന ദിവസത്തെ മൊത്തം വാടകയുടെ സകാത്തോടൊന്നിച്ച് അവകാശികള്‍ക്ക് നല്‍കണമെന്നല്ല. പ്രത്യുത, വര്‍ഷാവസാന ദിവസത്തെ വാടക നിസ്വാബില്‍ കുറവാണെങ്കില്‍ അത് പൂര്‍ ത്തീകരിക്കാന്‍ സൂക്ഷിപ്പ് പണവും പരിഗണിക്കുമെന്നാണ്. സാധാരണ മറ്റു കച്ചവടങ്ങളില്‍ വര്‍ഷം തികയുന്ന ദിവസം വില കെട്ടിയപ്പോള്‍ അത് നിസ്വാബില്‍ കുറവാണെങ്കില്‍ സൂക്ഷിപ്പുപണം നിസ്വാബ് പൂര്‍ത്തീകരിക്കുന്നതില്‍ പരിഗണിക്കും പോലെ തന്നെ. സൂക്ഷിപ്പുള്ള പ്രസ്തുത പണത്തിന്റെ(അതു പോലെ തന്നെയാണ് മുന്‍ ദിവസങ്ങളിലെ വാടകയും) സകാത് കൊടുക്കേണ്ട സമയം, സൂക്ഷിച്ചു വെച്ചത് മുതല്‍ ഒരു കൊല്ലം പൂര്‍ത്തിയാകുമ്പോഴാണ്. ഈ വിശദീകരണത്തില്‍ നിന്ന് കച്ചവട ചരക്കായി പരിഗണിക്കാന്‍ വസ്തുക്കള്‍ ത ന്നെ ആവണമെന്നില്ലെന്നും ഫലങ്ങളും (ഉദാ:-വാടക) കച്ചവട ചരക്കായി പരിഗണിക്കുമെന്നും ഗ്രഹിക്കാനാകും.

ഇബ്നുഹജര്‍(റ) പറയുന്നു: “കച്ചവട ചരക്കുകള്‍ രണ്ടിനമുണ്ട്. ഒന്ന് വസ്തുക്കള്‍, രണ്ട് ഫലങ്ങള്‍” (തുഹ്ഫ 3/496). ചുരുക്കത്തില്‍ റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ റൂമുകള്‍ കച്ചവടചരക്കായി പരിഗണിക്കുന്നില്ലെങ്കിലും അതിന്റെ ഫലവും പ്രയോജനവും കച്ചവടചരക്കായി പരിഗണിക്കും. റൂമുകള്‍ വാടകക്ക് കൊടുക്കുന്നത് യഥാര്‍ഥത്തില്‍ ആ ഫലത്തെയും പ്രയോജനത്തെയും വില്‍പ്പന നടത്തലാണ്. ഇതാണ് കച്ചവട സകാത് ഇവിടെയും വന്നതിന്റെ രഹസ്യം.

ഇനി കച്ചവട ചരക്കിലേക്ക് വീണ്ടും പണമിറക്കി കച്ചവടം ഉയര്‍ത്തുന്ന പക്ഷം സകാത് എ ങ്ങനെയാണ് കണക്കാക്കേണ്ടത്?

ഇബ്നുഹജര്‍(റ) ഈ’ആബില്‍ പറയുന്നത് കാണുക: “ഒരാള്‍ നൂറു ദിര്‍ഹമിന് പകരമായി മുഹര്‍റം ഒന്നിന് കച്ചവടചരക്ക് വാങ്ങുകയും ശേഷം കിട്ടിയ നൂറ് ദിര്‍ഹമിന് കൂടി സ്വഫര്‍ ഒന്നിന് ചരക്കുകളെടുക്കുകയും പിന്നീട് കിട്ടിയ നൂറിന് റബീ’ഉല്‍ അവ്വല്‍ ഒന്നിന് ചരക്കുകളെടുക്കുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കില്‍ ആദ്യ നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനെടുത്ത ചരക്കിന്റെ വില നിസ്വാബുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. (ഇതനുസരിച്ച് രണ്ടാം നൂറിന് വാങ്ങിയ ചരക്കിന്റെ സകാത് അതിന്റെ വര്‍ഷവും മൂന്നാമത്തേത് അതിന്റെ വര്‍ഷവും പൂര്‍ത്തിയാകുമ്പോള്‍  കൊടുക്കേണ്ടി വരും. ആ രണ്ട് നൂറുകളുടെയും ചരക്കിന്റെ വില സ്വന്തമായി പരിഗണിച്ചാല്‍ നിസ്വാബ് തികയില്ലെങ്കിലും ശരി). ഇനി ആദ്യനൂറിന് എടുത്ത ചരക്കിന്റെ വില അതിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ രണ്ടാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മേല്‍ 200 ദിര്‍ഹമിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബുണ്ടെങ്കില്‍ രണ്ടിനുമൊന്നിച്ച് സകാത് നല്‍കേണ്ടതും നിസ്വാബ് തികയാത്ത പക്ഷം മൂന്നാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോ ള്‍ മുന്നൂറിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബ് തികയുന്നുണ്ടെങ്കില്‍ സകാത് നിര്‍ ബന്ധമാകുന്നതും അല്ലാത്തപക്ഷം നിര്‍ബന്ധമാകാത്തതുമാകുന്നു. ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞതിന്റെ സംക്ഷിപ്തമാണിത്’ (ശര്‍വാനി 3/294).

ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ഷെയര്‍ സ്വീകരിച്ചു കൊണ്ടുള്ള ഷെയര്‍ കച്ചവടങ്ങളില്‍ മേല്‍ വിശദീകരണം പരിഗണിക്കേണ്ടതാണെന്ന് വ്യക്തം.

അനന്തര സ്വത്ത്?

ബ്നുഹജര്‍(റ) പറയുന്നു: “ഒരു പ്രതിഫലവും കൂടാതെ ദാനമായി ലഭിച്ച വസ്തുക്കള്‍, സ്വ ന്തമായി വെട്ടിക്കൊണ്ടുവന്ന വിറകുകള്‍, വേട്ടയാടിപ്പിടിച്ച ജീവികള്‍, അനന്തരാവകാശമായി കിട്ടിയ മുതലുകള്‍ തുടങ്ങിയവ കച്ചവട ചരക്കാക്കണമെന്ന് ഉദ്ദേശിച്ചാലും അവക്ക് കച്ചവടത്തിന്റെ സകാത് ബാധകമല്ല. ഒരു പ്രതിഫലത്തിന്മേലായി സമ്പാദിച്ചതല്ല അവ. എന്നതാണ് കാരണം. ഒരു പ്രതിഫലവും കൂടാതെ സ്വായത്തമാക്കിയ വസ്തുക്കള്‍ കച്ചവടചരക്കുകളായി പരിഗണിക്കപ്പെടുന്നില്ല” (തുഹ്ഫ 3/297).

എന്നാല്‍ അനന്തരാവകാശമായി ലഭിച്ച മുതലുകള്‍ക്ക് സകാത് ബാധകമല്ലെന്ന് പറഞ്ഞത് അവനേരത്തെ നടന്നു കൊണ്ടിരുന്ന കച്ചവടത്തിലെ കച്ചവട ചരക്കുകള്‍ ആകാതിരിക്കുമ്പോഴാണ്. പ്രത്യുത, ഒരാള്‍ക്ക് അവകാശമായി ലഭിച്ചത് ഒരു കടയാണെന്നിരിക്കട്ടെ എങ്കില്‍ ആ കടയിലുള്ള ചരക്കുകള്‍ നേരത്തേ കച്ചവടച്ചരക്കായി പരിഗണിക്കുന്നത് കൊണ്ട് അനന്തരാവകാശിക്കും സകാത് നിര്‍ബന്ധം തന്നെയാണ്. പക്ഷേ, അനന്തരാവകാശമായി ലഭിച്ച കടയില്‍ കച്ചവടം ഉദ്ദേശിച്ചു കൊണ്ടുള്ള ക്രയ വിക്രയം ആരംഭിച്ചത് മുതല്‍ക്കാണ് കച്ചവടത്തിന്റെ വര്‍ഷം പരിഗണിക്കേണ്ടത്. ഉടമസ്ഥന്‍ മാറിയതോടെ ഒരു പുതിയ കച്ചവടം ആരംഭിക്കുന്നത് പോലെയായതാണ് കാരണം.

ഇബ്നുഹജര്‍(റ) പറയുന്നു: “അനന്തരാവകാശമായി ലഭിച്ച കച്ചവടത്തില്‍ കച്ചവടം ഉദ്ദേശിച്ചുകൊണ്ടുള്ള ക്രയ വിക്രയം നടത്തുന്നത് വരെ അവക്ക് സകാത് ബാധകമല്ല. ക്രയ വിക്രയം നടത്തുന്നത് മുതല്‍ പുതിയ വര്‍ഷാരംഭമായി ഗണിക്കപ്പെടുന്നതാണ്”(തുഹ്ഫ 3/294).

അപ്പോള്‍ അനന്തരാവകാശമായി ഉടമപ്പെടുത്തിയ കച്ചവട ചരക്കുകള്‍ക്ക് സകാത് നിര്‍ബന്ധമാകുന്നത് ഉടമപ്പെടുത്തിയത് മുതല്‍ ഒരു വര്‍ഷം തികയുമ്പോഴല്ലെന്നും പ്രത്യുത, കച്ചവട ഉദ്ദേശ്യത്തോടെയുള്ള ക്രയ വിക്രയങ്ങള്‍ നടത്തുന്നത് മുതല്‍ക്കാണെന്നും വ്യക്തമായി. ഇതനുസരിച്ച് അനന്തര സ്വത്ത് ഓഹരി ചെയ്യാന്‍ കാലതാമസം വരിക, കട പൂട്ടിയിടുക തുടങ്ങിയ കാരണങ്ങളാല്‍ അനന്തരാവകാശമായി ലഭിച്ചവന്‍ കച്ചവട ഉദ്ദേശ്യത്തോടെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ കാലതാമസം വന്നാലും അത് നടത്തുന്നത് മുതല്‍ക്കേ വര്‍ഷാരംഭമായി ഗണിക്കുകയുള്ളൂ.

വിളവുകള്‍ കച്ചവടചരക്കല്ല

കച്ചവട ഉദ്ദേശ്യത്തോടെ പകരത്തിന്മേലായി ഉടമപ്പെടുത്തിയ വസ്തുക്കളേ കച്ചവടവസ്തുക്കളായി പരിഗണിക്കുകയുള്ളൂവെന്ന് വരുമ്പോള്‍ കച്ചവട ഉദ്ദേശ്യത്തോടെ കൃഷി ചെയ്ത് വിളഞ്ഞു കിട്ടിയത് കച്ചവടചരക്കായി പരിഗണിക്കുകയില്ലെന്ന് വ്യക്തമാണ്.

ബഹു. ശര്‍വാനി(റ) പറയുന്നു:” വിളഞ്ഞു കിട്ടിയവയില്‍ കച്ചവടം ചെയ്യണമെന്നുദ്ദേശിച്ച് ഒരാള്‍ വിത്ത് പാകിയെന്നിരിക്കട്ടെ. ആ വിത്തോ വിളഞ്ഞു കിട്ടിയവയോ ഒന്നും തന്നെ കച്ചവട ചരക്കുകളായി പരിഗണിക്കപ്പെടുകയില്ല. വിത്തുകള്‍ കച്ചവട ചരക്കായി പരിഗണിക്കാത്തതിന്റെ കാരണം, അതില്‍ കച്ചവടം ഉദ്ദേശിച്ചല്ല അതുടമപ്പെടുത്തിയത് എന്നതാണ്. പ്ര ത്യുത അതില്‍ നിന്ന് വിളഞ്ഞുകിട്ടിയവയിലാണ് കച്ചവടോദ്ദേശ്യമുള്ളത്. എന്നാല്‍ അവ യും കച്ചവടചരക്കുകളായി പരിഗണിക്കാത്തതിന് കാരണം ആ വിളഞ്ഞു കിട്ടിയവ ഉടമപ്പെടുത്തിയത് ഒരു പ്രതിഫലം മുഖേനയല്ലെന്നതാണ്. മറിച്ച് അതിന്റെ വിത്ത് മാത്രമാണ് പ്രതിഫലത്തോടെ ഉടമപ്പെടുത്തിയത്. എന്നാല്‍ എണ്ണകച്ചവടം ഉദ്ദേശിച്ച് എള്ള് വാങ്ങി ഉത്പാദിപ്പിച്ച എണ്ണ, കച്ചവടചരക്കായി തന്നെ പരിഗണിക്കപ്പെടും. പ്രതിഫലത്തിന്മേലായി ഉടമപ്പെടുത്തിയ എള്ളില്‍ തല്‍സമയത്തും എണ്ണ നിലനില്‍ക്കുന്നുണ്ടെന്നതാണ് കാരണം. ആട്ടിയെടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന എണ്ണ വേര്‍തിരിഞ്ഞു കിട്ടി എന്നേയുള്ളൂ. അത് പൂര്‍ണമായും മറ്റൊരു ഉത്പന്നമായി മാറുന്നില്ല. അതു കൊണ്ടു തന്നെ, ആ എണ്ണയില്‍ നടത്തുന്ന കച്ചവടം പകരത്തിന്മേല്‍ ഉടമപ്പെടുത്തിയതില്‍ തന്നെയാണെന്ന് പറയാനാകും. ഇപ്രകാരം തന്നെ സുര്‍ക്കക്കച്ചവടം ഉദ്ദേശിച്ച് മുന്തിരി വാങ്ങി പിഴിഞ്ഞെടുത്ത നീര് സുര്‍ക്കയാക്കി വില്‍പ്പന നടത്തുമ്പോള്‍ അതും കച്ചവട ചരക്കായി തന്നെ പരിഗണിക്കപ്പെടും. കച്ചവടോദ്ദേശ്യത്തോടെ പകരത്തിന്മേല്‍ ഉടമപ്പെടുത്തിയ മുന്തിരിയില്‍ നേരത്തേ നിലനിന്നിരുന്ന നീര് സുര്‍ക്കയായി മാറുന്നത് കൊണ്ട് പൂര്‍ണമായും മറ്റൊരു ഉത്പന്നം അവിടെ ഉണ്ടാകുന്നില്ല. കാരണം മുന്തിരി നീര്‍ സുര്‍ക്കയായി മാറുന്നതുകൊണ്ട് സത്തയല്ല പരിവര്‍ത്തനമാകുന്നത്. പ്രത്യുത ഗുണം മാത്രമാണ്” (ഹാശിയതു ശര്‍വാനി 3/295).

ഇതനുസരിച്ച് കച്ചവട ഉദ്ദേശ്യത്തോടെ പഴവര്‍ഗങ്ങള്‍ വാങ്ങി ജ്യൂസ് കച്ചവടം നടത്തുന്ന കൂള്‍ ബാറുകാര്‍ക്ക് കച്ചവട സകാത് ബാധകമാണെന്ന് വ്യക്തമാണ്. കൊല്ലം തികയുമ്പോള്‍ കൂള്‍ബാറിലുള്ള പഴവര്‍ഗങ്ങളും ജ്യൂസുകളും മൊത്തവില കെട്ടിയാണ് നിസ്വാബ് (സകാത് നിര്‍ബന്ധമാകുന്ന തുക) പരിഗണിക്കേണ്ടത്. ഹോട്ടലുടമകളും തഥൈവ. ഹോട്ടലിലെ ഭക്ഷണ പദാര്‍ഥങ്ങള്‍, പലഹാരങ്ങള്‍ തുടങ്ങിയവ വിലക്കു വാങ്ങിയ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയവയായതിനാല്‍ കച്ചവട ഉദ്ദേശ്യത്തോടെ പകരത്തിന്മേല്‍ ഉടമപ്പെടുത്തിയവയില്‍ തന്നെയാണ് കച്ചവടം ചെയ്യുന്നത്. ഭക്ഷണ പദാര്‍ഥങ്ങളും പലഹാരങ്ങളുമായി മാറിയത് കൊണ്ട് നേരത്തെ വിലക്കു വാങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും മറ്റൊന്നായി മാറുന്നില്ലെന്നും അവ സമന്വയിപ്പിക്കുന്നതിനാല്‍ നാമവും ഗുണവും മാത്രമേ പരിവര്‍ത്തനമാകുന്നുള്ളൂവെന്നും വ്യക്തമാണ്.

Post a Comment

Previous Post Next Post